ന്യൂഡൽഹി: ഹരിയാനയിലെ ബിജെപിയുടെ അപ്രതീക്ഷിത വിജയത്തിൽ പ്രതികരണവുമായി ആം ആദ്മി പാർട്ടി നേതാവും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. രാഷ്ട്രീയ തിരഞ്ഞെടുപ്പുകളെ ചുറുചുറുക്കോടെയും അതീവ ജാഗ്രതയോടെയും കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് കെജ്‌രിവാൾ പറഞ്ഞു. ഹരിയാന തിരഞ്ഞെടുപ്പിലെ ബിജെപിയുടെ അട്ടിമറി വിജയത്തിൽ നിന്നും പഠിച്ച പാഠം തിരഞ്ഞെടുപ്പുകളിൽ അമിത ആത്മവിശ്വാസം പാടില്ലെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലത്തെ വിശകലനം ചെയ്യുമ്പോൾ പഠിച്ച ഏറ്റവും വലിയ പാഠം തിരഞ്ഞെടുപ്പിൽ ആർക്കും അമിത ആത്മവിശ്വാസം പാടില്ല എന്നാണ്. ഒരു തിരഞ്ഞെടുപ്പും നിസാരമായി കാണേണ്ടതില്ല. ഓരോ സീറ്റിനും അതിന്റേതായ പ്രതിസന്ധികളുണ്ട്', കെജ്‌രിവാൾ പറഞ്ഞു.
ഹരിയാന തിരഞ്ഞെടുപ്പിൽ എഎപി മുന്നോട്ടു വെച്ച രാഷ്ട്രീയ തന്ത്രങ്ങളും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. കോൺഗ്രസുമായി സംസ്ഥാനത്ത് സഖ്യത്തിലെത്താൻ സാധിക്കാതിരുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് ഫലങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് നിഗമനം, സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകളും അതുമായി ബന്ധപ്പെട്ട് വന്ന അസ്വാരസ്യങ്ങളുമായിരുന്നു ഇൻഡ്യ സഖ്യകക്ഷിയായ എഎപിയെ ഹരിയാനയിൽ ഒറ്റയ്ക്ക് മത്സരിക്കാൻ പ്രേരിപ്പിച്ചത്. 90ൽ 89 സീറ്റിലാണ് എഎപി സ്വതന്ത്രമായി മത്സരിച്ചത്. എഎപിയുടെ തീരുമാനം പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന് ഫലപ്രഖ്യാപനത്തോടെ വ്യക്തമാണ്. ബിജെപി, കോൺഗ്രസ് സ്ഥാനാർത്ഥികളേക്കാൾ വളരെ പിന്നിലാണ് മിക്ക മണ്ഡലങ്ങളിലും എഎപി സ്ഥാനാർത്ഥികൾ.
നേരത്തെ എഎപിയുടെ പിന്തുണയില്ലാതെ ആർക്കും ഹരിയാനയിൽ സർക്കാർ രൂപീകരിക്കാനാകില്ലെന്ന് കെജ്‌രിവാൾ പറഞ്ഞിരുന്നു. ഹരിയാനയിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഫെബ്രുവരിയിൽ ഡൽഹിയിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് കൗൺസിലർമാർക്ക് കെജ്‌രിവാളിന്റെ നിർദ്ദേശം. താഴെത്തട്ടിൽ നിന്നുള്ള പ്രവർത്തനങ്ങളാണ് തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയത്തിലേക്ക് വഴിയൊരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ കൗൺസിലർമാരും അതത് പ്രദേശങ്ങളിലെ മാലിന്യങ്ങൾ കൃത്യമായി നീക്കം ചെയ്യപ്പെടുന്നുണ്ടെന്നും അത് സംസ്കരിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കിയാൽ തന്നെ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വിജയിക്കാനാകുമെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.
ഹരിയാന ബിജെപിയിലേക്ക് ചായുമ്പോഴും ജുലാന മണ്ഡലം വിനേഷ് ഫോഗട്ടിനൊപ്പം നിന്നത് കോൺഗ്രസ് ആശ്വാസമാണ്. ബിജെപിയുടെ യോഗേഷ് കുമാറിനെയാണ് ജുലാനയിൽ വിനേഷ് മലർത്തിയടിച്ചത്. റെയിൽവേയിലെ ജോലി രാജിവച്ചാണ് വിനേഷ് രാഷ്ട്രീയ നേതാവിന്റെ കുപ്പായമിട്ടത്. കർഷക പിന്തുണയും പാരിസ് ഒളിംപിക്സിൽ ഉണ്ടായ തിരിച്ചടിയും വിനേഷിന് തിരഞ്ഞെടുപ്പിൽ അനുകൂല ഘടകമായി. ചരിത്ര നേട്ടം നേടിയാണ് ഹരിയാനയിൽ മൂന്നാം തവണയും ബിജെപി അധികാരത്തിലെത്തിയിരിക്കുന്നത്. ആദ്യ ഒന്നര മണിക്കൂറിൽ മുന്നിൽ നിന്ന കോൺഗ്രസ് പൊടുന്നനെ പിന്നിലേക്ക് പോകുകയും ബിജെപി കേവല ഭൂരിപക്ഷത്തിനൊത്ത ലീഡ് നേടുകയുമായിരുന്നു. രണ്ട് ടേം ഭരിച്ച ബിജെപി സർക്കാരിന് നേരെ ഭരണവിരുദ്ധ വികാരമുണ്ടെന്ന് പറയുമ്പോഴാണ് ബിജെപിയുടെ ഈ അവിശ്വസനീയ മുന്നേറ്റം.
കേവല ഭൂരിപക്ഷം നേടാൻ 90ൽ 46 സീറ്റ് വിജയം മതിയെന്നിരിക്കെ, ഉച്ചയ്ക്ക് 3.30 ആകുമ്പോൾ ബിജെപിക്ക് 50 സീറ്റിൽ ലീഡ് നിലനിർത്താനായിട്ടുണ്ട്. ഇതോടെ ഇന്ത്യൻ നാഷണൽ ലോക് ദളിന്റെ (ഐഎൻഎൽഡി) സഹായത്തോടെയോ ഒറ്റയ്ക്കോ ബിജെപിക്ക് ഭരണത്തിലേറാനാകും. ഹരിയാനയിൽ ഇത് ചരിത്ര വിജയമാണ്. 1966 ൽ പഞ്ചാബിൽ നിന്ന് വിഭജിച്ച് പുതിയ സംസ്ഥാനം രൂപപ്പെട്ട ശേഷം ഇതുവരെ ഒരു പാർട്ടിക്കും നേടാനായിട്ടില്ലാത്ത ഹാട്രിക് വിജയമാണ് ബിജെപി നേടിയിരിക്കുന്നത്.
Content Highlight: 'Biggest lesson learned from Haryana is..'; Kejriwal checks AAP's failure; First reaction after BJP's hattrick winning