ചണ്ഡിഗഢ്: ഹരിയാനയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചുകയറിയ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അധിക്ഷേപിച്ച് ബി ജെ പി നേതാവും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. വിനേഷ് ഫോഗട്ട് എവിടെ പോയാലും നാശമുണ്ടാകുമെന്ന് ബ്രിജ് ഭൂഷണ്‍ പറഞ്ഞു. ഭാവിയിലും അത് സംഭവിക്കും. അവര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചിരിക്കാം. പക്ഷേ കോണ്‍ഗ്രസ് പൂര്‍ണമായും നശിച്ചു. ഗുസ്തി താരങ്ങള്‍ ഹരിയാനയ്ക്ക് നായകന്മാരല്ല, മറിച്ച് വില്ലന്മാരാണെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ബ്രിജ് ഭൂഷണ്‍ ഇക്കാര്യം പറഞ്ഞത്.
തന്റെ പേര് ഉപയോഗിച്ചാണ് വിനേഷ് വിജയിച്ചതെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു. അതിനര്‍ത്ഥം താനൊരു വലിയ മനുഷ്യനാണെന്നാണ്. തന്റെ പേരിന്റെ ശക്തികൊണ്ടാണ് വിനേഷ് മുന്നേറിയതെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു. ഗുസ്തി താരങ്ങള്‍ തനിക്കെതിരെ പ്രതിഷേധിച്ചിട്ടും ജാട്ട് ആധിപത്യമുള്ള മണ്ഡലങ്ങളില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് ജയിക്കാനായെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു. ഹരിയാനയിലെ ബിജെപിയുടെ ഹാട്രിക് വിജയത്തെ ബ്രിജ് ഭൂഷണ്‍ അഭിനന്ദിച്ചു. കര്‍ഷകരുടേയും ഗുസ്തി താരങ്ങളുടേയും പ്രതിഷേധത്തിന്റെ പേരില്‍ സംസ്ഥാനത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നിരവധി ശ്രമങ്ങള്‍ ഉണ്ടായി. പക്ഷേ ബി ജെ പി നിലപാടിനെയാണ് ജനം പിന്തുണച്ചതെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.
ലൈംഗികാതിക്രമ പരാതിയില്‍ ബ്രിജ് ഭൂഷണിന്റെ രാജി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന ആളാണ് വിനേഷ് ഫോഗട്ട്. ബ്രിജ് ഭൂഷണിനെതിരെ നടത്തിയ സമരം വിനേഷിന്റെ ജനപ്രീതി വര്‍ധിപ്പിച്ചിരുന്നു. പാരിസ് ഒളിമ്പിക്‌സില്‍ പങ്കെടുത്ത് മടങ്ങിയെത്തിയതിന് പിന്നാലെ താരം കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പ്രഖ്യാപിക്കുകയായിരുന്നു. ജുലാന മണ്ഡലത്തില്‍ നിന്ന് 6140 വോട്ടിനാണ് വിനേഷ് ഫോഗട്ട് ജയിച്ചത്. ബിജെപിയുടെ യുവ നേതാവ് യോഗേഷ് ബൈഗാരിയെയാണ് ഫോഗട്ട് പരാജയപ്പെടുത്തിയത്.
Content highlights- bjp leader brij bhushan singh against vinesh phogat