ഹരിയാനയില്‍ ബിജെപിക്ക് ഹാട്രിക്; ജമ്മു കശ്മീരില്‍ ഭരണം ഉറപ്പിച്ച് ഇന്‍ഡ്യ സഖ്യം

ബിജെപി പോലും പ്രതീക്ഷിച്ചതല്ല ഹരിയാനയിലെ ചരിത്ര വിജയം. ജമ്മുകശ്മീരീലേറ്റ തിരിച്ചടിക്കിടയില്‍ ഹരിയാനയിലെ വിജയം ബിജെപിക്ക് ആശ്വാസമാണ്.

dot image

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ ഹാട്രിക് വിജയം ബിജെപി നേടിയപ്പോള്‍ ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യമാണ് വിജയിച്ചത്. 90 അംഗ നിയമസഭയില്‍ ഇരു പാര്‍ട്ടികളും ചേര്‍ന്ന് 48 സീറ്റുകള്‍ നേടി. എഞ്ചിനീയര്‍ റഷീദിന്റെ അവാമി ഇത്തിഹാദ് പാര്‍ട്ടിക്കും കശ്മീരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും ഒരു ചലനവും ഉണ്ടാക്കാനായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 28 സീറ്റുകള്‍ നേടിയ പിഡിപി ഇത്തവണ 3സീറ്റുകളില്‍ ഒതുങ്ങി.

ജമ്മുകശ്മീരില്‍ തൂക്കു സഭ വരും എന്നായിരുന്നു എക്‌സിറ്റ്‌പോള്‍ പ്രവചനം. ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ പിഡിപിയുടെയും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെയും പിന്തുണ തേടുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഫലം വന്നപ്പോള്‍ നാഷണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസ് സഖ്യത്തിന് ലഭിച്ചത് മിന്നുന്ന വിജയമാണ്. 90 അംഗ നിയമസഭയില്‍ നാഷണല്‍ കോണ്‍ഫറന്‍സ് മാത്രം 42 സീറ്റുകള്‍ നേടി. കോണ്‍ഗ്രസ്സ് 6 സീറ്റുകളില്‍ വിജയിച്ചതോടെ ജമ്മുകശ്മീരില്‍ ഭൂരിപക്ഷം ഉറപ്പിച്ചു.

2014ല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന പിഡിപി ദയനീയമായി പരാജയപ്പെടുന്ന കാഴ്ച്ചയായിരുന്നു. മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തിയും പ്രധാന പിഡിപി നേതാക്കളും തോറ്റു. പിഡിപിക്ക് ആകെ ലഭിച്ചത് മൂന്ന് സീറ്റുകള്‍ മാത്രമാണ്. തിരഞ്ഞെടുപ്പില്‍ കറുത്ത കുതിരകള്‍ ആകുമെന്ന് പ്രതീക്ഷിച്ച എഞ്ചിനീയര്‍ റഷീദിന്റെ ആവാമി ഇതിഹാദ് പാര്‍ട്ടിയും വന്‍ തിരിച്ചടി നേരിട്ടു. റഷീദിന്റെ സഹോദരന്‍ കുര്‍ഷിദ് ഷെയ്ഖ് മാത്രമാണ് ജമാഅത്തെ ഇസ്ലാമി- അവാമി ഇത്തിഹാദ് പാര്‍ട്ടി സഖ്യത്തില്‍ വിജയിച്ചത്. സ്വതന്ത്രര്‍ ആകെ 7 സീറ്റുകള്‍ നേടി. കുല്‍ഗം മണ്ഡലം സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമി നിലനിര്‍ത്തി.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്. കഴിഞ്ഞ തവണ 25 സീറ്റുകള്‍ ഉണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ 29സീറ്റുകള്‍ നേടാനായി. സീറ്റുനില ഉയര്‍ന്നത് ചൂണ്ടിക്കാട്ടി ജമ്മുകശ്മീര്‍ പുനഃസംഘടന ജനങ്ങള്‍ അംഗീകരിച്ചു എന്ന് വാദിക്കാന്‍ ബിജെപിക്ക് ആകും.

അതേസമയം എക്‌സിറ്റ് പോള്‍ ഫലങ്ങളെയെല്ലാം തകിടംമറിച്ചുകൊണ്ടുള്ള ഫലമാണ് ഹരിയാനയില്‍ പുറത്തുവന്നത്. അപ്രതീക്ഷിത അടിയൊഴിക്കില്‍ ഹരിയാനയില്‍ ബിജെപി മൂന്നാം തവണയും അധികാരത്തിലെത്തുകയായിരുന്നു. വലിയ വിജയപ്രതീക്ഷയായിരുന്നു ഹരിയാനയില്‍ കോണ്‍ഗ്രസ് വെച്ചുപുലര്‍ത്തിയത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ വിജയം പ്രവചിച്ച എക്‌സിറ്റ്‌പോള്‍ സര്‍വ്വെകള്‍ കോണ്‍ഗ്രസ് പ്രതീക്ഷകള്‍ ആകാശത്തോളം ഉയര്‍ത്തി. പക്ഷെ കോണ്‍ഗ്രസ് അറിയാത്ത, എക്‌സിറ്റ്‌പോളുകളുടെ ശ്രദ്ധയില്‍ പതിയാത്ത അടിയൊഴുക്കുകളാണ് ഹരിയാനയില്‍ ഉണ്ടായത്.

ബിജെപിക്കൊപ്പം തുല്യമായി വോട്ടുകള്‍ പിടിച്ച് കോണ്‍ഗ്രസ് കരുത്ത് കാട്ടിയപ്പോള്‍ സീറ്റ് നിലയില്‍ കോണ്‍ഗ്രസ് പിന്നിലായി. ആകെയുള്ള 90 മണ്ഡലങ്ങളില്‍ പത്ത് മണ്ഡലങ്ങളിലെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പരാജയത്തിന് സ്വതന്ത്രര്‍ കാരണമായി. 11.68 ശതമാനം വോട്ടാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ പിടിച്ചത്. സോഹ്ന മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിടിച്ചത് 32,000 ത്തിലധികം വോട്ട്. ഹോഡല്‍ മണ്ഡലത്തിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ചിതറിച്ചു.

ബല്ലബ്ഗട്ട് മണ്ഡലത്തില്‍ രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ചേര്‍ന്ന് പിടിച്ചത് 63,000 യത്തിലധികം വോട്ടാണ്. ഇങ്ങനെ റിബല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് അപ്പുറത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ കൂടി കോണ്‍ഗ്രസിന് കടിഞ്ഞാണിട്ടപ്പോള്‍ അത് ബിജെപിക്ക് വിജയിച്ചുകയറാനുള്ള വഴികളുമായി. ചില മണ്ഡലങ്ങളിലെങ്കിലും ദളിത് വോട്ടുകളില്‍ വലിയ പിളര്‍പ്പ് ബി എസ് പി ഉണ്ടാക്കി. ഇത് കോണ്‍ഗ്രസ് കണക്കുകള്‍ തെറ്റിച്ചു. ഒന്നുരണ്ടിടത്ത് ആംആദ്മി പാര്‍ട്ടിയും ഐഎന്‍എല്‍ഡിയും ബിജെപി വിരുദ്ധ വോട്ടുകള്‍ പിളര്‍ത്തി.

ജാട്ട് വോട്ടുകളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ സ്വന്തമാക്കിയപ്പോള്‍ ജാട്ട് ഇതര വോട്ടുകളില്‍ നല്ല ശതമാനം ബിജെപിക്ക് നേടാനായി. ഭരണവിരുദ്ധ വോട്ടുകള്‍ ചിതറിക്കാന്‍ മറ്റ് പല ഘടകങ്ങള്‍ കൂടി ചേര്‍ന്നതോടെ ഹരിയാന ബിജെപിയുടെ കൈവെള്ളയിലായി. നയാബ് സിംഗ് സെയ്‌നിയെ മുഖ്യമന്ത്രിയാക്കിയുള്ള ബിജെപിയുടെ ഒബിസി രാഷ്ട്രീയ നീക്കത്തിന്റെ വിജയം കൂടിയായി ഹരിയാന തിരഞ്ഞെടുപ്പ്. ബിജെപി പോലും പ്രതീക്ഷിച്ചതല്ല ഹരിയാനയിലെ ചരിത്ര വിജയം. ജമ്മുകശ്മീരീലേറ്റ തിരിച്ചടിക്കിടയില്‍ ഹരിയാനയിലെ വിജയം ബിജെപിക്ക് ആശ്വാസമാണ്.

dot image
To advertise here,contact us
dot image