യുവ ഡോക്ടറുടെ ബലാത്സം​ഗ കൊല: ആർജി കർ ആശുപത്രിയിൽ നിന്നും രാജിവെച്ച് മുതിർന്ന ഡോക്ടർമാർ

കൊല്ലപ്പെട്ട സഹപ്രവർത്തകയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന യുവ ഡോക്ടർമാർക്ക് പിന്തുണയറിയിച്ചാണ് രാജി

dot image

കൊൽക്കത്ത: പശ്ചിംബം​ഗാളിലെ ആർജി കർ ആശുപത്രിയിൽ നിന്നും രാജിവെച്ച് മുതിർന്ന ഡോക്ടർമാർ. പശ്ചിമബം​ഗാളിൽ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട യുവ ഡോക്ടർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന യുവ ഡോക്ടർമാർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് രാജി. തങ്ങളുടെ സഹപ്രവർത്തകർ ഉന്നയിച്ച ആവശ്യങ്ങൾ ഇതുവരേയും അം​ഗീകരിക്കപ്പെട്ടിട്ടില്ലെന്നും യുവ ഡോക്ടറുടെ കൊലപാതകത്തിൽ പുരോ​ഗതിയുണ്ടായിട്ടില്ലെന്നും രാജി പ്രഖ്യാപനത്തിനിടെ ഡോക്ടർമാർ ആരോപിച്ചു. നീതി ലഭിക്കും വരെ നിരാഹാരം നടത്തുമെന്ന് പ്രഖ്യാപിച്ച യുവ ഡോകടർമാർക്ക് പിന്തുണയറിയിക്കണമെന്ന് ആശുപത്രി അധികൃതരോടും മുതിർന്ന ഡോക്ടർമാർ ആവശ്യപ്പെട്ടു.

'ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട സഹപ്രവർത്തകയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ഡോക്ടർമാരുടെ ആരോ​ഗ്യസ്ഥിതി മോശമായിട്ടും സർക്കാർ അവ​ഗണന തുടരുന്ന സാഹചര്യത്തിൽ ആർജി കർ ആശുപത്രിയിലെ മുതിർന്ന ഡോക്ടർമാരായ തങ്ങൾ കൂട്ടരാജി പ്രഖ്യാപിക്കുന്നു. നിലവിൽ നിരാഹാര സമരം നടത്തുന്ന യുവ ഡോക്ടർമാരുടെ ആരോ​ഗ്യസ്ഥിതി പ്രതിദിനം മോശമായി കൊണ്ടിരിക്കുകയാണ്. സർക്കാർ പ്രതിഷേധക്കാർക്കൊപ്പം നിൽക്കണമെന്ന് അപേക്ഷിക്കുകയാണ്', ആശുപത്രിക്ക് നൽകിയ കത്തിൽ ഡോക്ടർമാർ കുറിച്ചു.

ജസ്റ്റിസ് ഫോർ അഭയ എന്ന പേരിൽ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണറിയിച്ച് കൂട്ട രാജിക്ക് തയ്യാറാണെന്ന് നിരവധി ഡോക്ടർമാർ അറിയിച്ചതായി ജോയിന്റ് പ്ലാറ്റ്ഫോം ഓഫ് ഡോക്ടേഴ്സ് അറിയിച്ചു. യുവ ഡോക്ടർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം കടുപ്പിക്കുകയാണ് ഡോക്ടർമാർ. ദുർ​ഗ പൂജയുമായി ബന്ധപ്പെട്ട് ആഘോഷങ്ങൾ നടക്കുന്നതിനിടെ പ്രതിഷേധിക്കുന്ന ഡോക്ടർമാരുടെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു. പതിനഞ്ചോളം മുതിർന്ന ഡോക്ടർമാരും നിരാഹാര സമരത്തില്‍ പങ്കെടുത്തിരുന്നു.

ഓ​ഗസ്റ്റ് 9നായിരുന്നു പശ്ചിമബം​ഗാളിലെ ആർജി കർ മെഡിക്കൽ കോളേജിൽ യുവ ഡോക്ടർ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ടത്. ഡ്യൂട്ടിക്കിടെ സെമിനാർ ഹാളിൽ വിശ്രമിക്കാനെത്തിയ ഡോക്ടറെ പ്രതിയും ലോക്കൽ പൊലീസിലെ സിവിക് വൊളണ്ടിയറുമായ സഞ്ജയ് റോയ് ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നതാണ് കേസ്. കഴിഞ്ഞ ദിവസം ഇയാൾക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. മറ്റൊരു ജൂനിയർ ഡോക്ടറായിരുന്നു യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അർധ ന​ഗ്നയായിരുന്നു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ പീഡനത്തിനിരയായി കൊലപ്പെടുത്തിയതാണെന്ന് ഉറപ്പിക്കുകയായിരുന്നു. യുവ ഡോക്ടറുടെ ശരീരത്തിൽ ആന്തരികമായി 25 മുറിവുകളും ശരീരത്തിന് പുറത്തും പരിക്കുകളുമുണ്ടെന്ന് പോസ്റ്റ്‌മോർട്ടത്തിൽ പരാമർശിച്ചിരുന്നു.

തുടർന്നുള്ള അന്വേഷണത്തിലാണ് അതേ ദിവസം പുലർച്ചെ 4.03ന് സഞ്ജയ് സെമിനാർ മുറിയിലേക്ക് പ്രവേശിക്കുന്നത് സിസിടിവിയിലൂടെ കണ്ടെത്തിയത്. അരമണിക്കൂറിന് ശേഷം ഇയാൾ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി. കുറ്റം നടന്ന സ്ഥലത്ത് നിന്നും സഞ്ജയ് റോയിയുടെ ബ്ലൂടൂത്ത് ഹെഡ്‌സെറ്റും കൊൽക്കത്ത പൊലീസ് കണ്ടെടുത്തിരുന്നു.

Content Highlight: Over 45 senior doctors resigns from RG Kar hospital in support of junior doctors

dot image
To advertise here,contact us
dot image