സംസ്ഥാന പദവി പുനസ്ഥാപിക്കും; മുഖ്യമന്ത്രി ആരാകുമെന്ന തീരുമാനം യോ​ഗത്തിന് ശേഷം: ഒമർ അബ്ദുള്ള

ഫാറൂഖ് അബ്ദുല്ലയുടെ പ്രഖ്യാപനത്തിൽ സന്തോഷമുണ്ടെന്നും സംസ്ഥാന പദവിക്കായി പ്രധാനമന്ത്രിയെ കാണുമെന്നും ഒമർ അബ്ദുള്ള

dot image

ശ്രീന​ഗർ: ജമ്മു കശ്മീർ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ആരാകുമെന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടായിട്ടില്ലെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. പാർലമെന്ററി പാർട്ടി യോഗം ചേർന്നാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. യോഗം തന്നെ മുഖ്യമന്ത്രിയായി തീരുമാനിക്കുകയാണെങ്കിൽ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ളയെത്തുമെന്ന് നേരത്തെ എൻസി മുതിർന്ന നേതാവ് ഫാറൂഖ് അബ്ദുള്ള അറിയിച്ചിരുന്നു. ഫാറൂഖ് അബ്ദുള്ളയുടെ പ്രഖ്യാപനത്തിൽ സന്തോഷമുണ്ടെന്നും സംസ്ഥാന പദവിക്കായി പ്രധാനമന്ത്രിയെ കാണുമെന്നും ഒമർ അബ്ദുള്ള കൂട്ടിച്ചേർത്തു.

സർക്കാർ രൂപീകരണത്തിന് അനുവാദം തേടി ലെഫ്റ്റനൻ ഗവർണറെ ഉടൻ സമീപിക്കും. ബിജെപി ജയിച്ചാൽ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാന പദവി ജമ്മു കാശ്മീർ ജനതയുടെ അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ച് എംഎൽഎമാരെ നാമനിർദേശം ചെയ്യാൻ ലെഫ്റ്റനൻ ഗവർണറെ അനുവദിക്കില്ലെന്നും ഒമർ അബ്​ദുള്ള കൂട്ടിച്ചേർത്തു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലുള്ള ജനങ്ങളുടെ അതൃപ്തിയാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് ഫാറൂഖ് അബ്ദുള്ള പറഞ്ഞിരുന്നു. '2019 ഓ​ഗസ്റ്റ് അഞ്ചിന് നടപ്പിലാക്കിയ തീരുമാനം തങ്ങൾക്ക് അം​ഗീകരിക്കാനാകില്ലെന്ന വിധി ജനം പ്രഖ്യാപിച്ചുകഴിഞ്ഞു' എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വരാനിരിക്കുന്ന സർക്കാർ തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലഫ്റ്റനന്റ് ​ഗവർണറുടെ ഭരണത്തിന് ഇതോടെ അറുതിയാകുകയാണെന്നും ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി. ഇത് ജനങ്ങളുടെ വിധിയാണ്. നിരപരാധികളെ ജയിലിൽ നിന്നും മോചിപ്പിക്കും. മാധ്യമങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാം. ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കുമിടയിൽ വിശ്വാസ്യത ഉണ്ടാക്കിയെടുക്കും എന്നും ഫാറുഖ് അബ്ദുള്ള പ്രതികരിച്ചു.

പത്ത് വർഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ്-കോൺ​ഗ്രസ് സഖ്യമാണ് ലീഡ് നിലനിർത്തിയത്. 90 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷം മറികടന്ന് 52 സീറ്റിലാണ് സഖ്യത്തിന്റെ ലീഡ്. മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പിഡിപി രണ്ട് സീറ്റുകളിലേക്ക് ഒതുങ്ങി.

Content Highlight: Statehood will be restored, says it's the right of people of J&K: Omar Abdullah

dot image
To advertise here,contact us
dot image