ശ്രീനഗര്‍: കന്യാകുമാരി മുതല്‍ ജമ്മു കശ്മീര്‍ വരെ ചെങ്കൊടി പാറുന്നുവെന്ന് കശ്മീരിലെ കുല്‍ഗാം മണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായി അഞ്ചാം തവണയും വിജയിച്ച സിപിഐഎം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമി. വിജയത്തിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന വിജയമാണെന്നും ജമ്മു കശ്മീരിലെ വിജയം സിപിഐഎമ്മിന് ആവേശം നല്‍കുന്നതാണെന്നും യൂസുഫ് തരിഗാമി പറഞ്ഞു.
സിപിഐഎം മന്ത്രിസ്ഥാനം ആവശ്യപ്പെടുമോ എന്ന ചോദ്യത്തോട് തീരുമാനത്തിനായി അല്‍പം കൂടി കാത്തിരിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. അഞ്ചുതവണയായി താന്‍ എംഎല്‍എയാണ്. ബാക്കിയെല്ലാം പാര്‍ട്ടിയുമായി കൂടിയാലോചിച്ചു തീരുമാനിക്കുമെന്നും തരിഗാമി കൂട്ടിച്ചേര്‍ത്തു.
നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്‍ഡ്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായാണ് തരിഗാമി ഇക്കുറി തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയത്. ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി സയാര്‍ അഹമ്മദ് റെഷിയാണ് രണ്ടാമതെത്തിയത്. പിഡിപി സ്ഥാനാര്‍ഥി മുഹമ്മദ് അമീന്‍ ദര്‍ മൂന്നാമതായി. കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിനോടു കാട്ടിയ അനീതികള്‍ എണ്ണിപ്പറഞ്ഞാണ് തരിഗാമി വോട്ടുചോദിച്ചത്.
സംസ്ഥാന പദവി തിരിച്ചുപിടിക്കുകയാണ് ഏറ്റവും പ്രധാനമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ തരിഗാമിയുടെ പ്രചാരണം. നാലു തവണ എംഎല്‍എ ആയിരുന്നപ്പോള്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളും അഞ്ചാം ജയത്തിന് തുണയായി.
Story Highlight: Tarigami responded after winning