ഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. അമിത ആത്മവിശ്വാസമുള്ള കോണ്‍ഗ്രസിനും അഹങ്കാരികളായ ബിജെപിക്കുമെതിരെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി വക്താവ് പ്രിയങ്ക കാക്കര്‍ പറഞ്ഞു. ഇരു പാര്‍ട്ടികള്‍ക്കുമെതിരെ മത്സരിക്കാനുള്ള കഴിവ് തങ്ങള്‍ക്കുണ്ടെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് സഖ്യകക്ഷികള്‍ക്ക് വില നല്‍കുന്നില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ അമിത ആത്മവിശ്വാസത്തിനുള്ള ഉദാഹരണമാണ് ഹരിയാന തിരഞ്ഞെടുപ്പ് ഫലമെന്നും അവര്‍ പറഞ്ഞു.
'കഴിഞ്ഞ പത്ത് വര്‍ഷമായി ഡല്‍ഹി നിയമസഭയില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലുമില്ല. എന്നിട്ടും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ മത്സരിക്കാന്‍ നല്‍കി. എന്നിട്ടും ഹരിയാനയില്‍ സഖ്യകക്ഷികളെ കൂട്ടുപിടിക്കണമെന്ന് അവര്‍ക്ക് തോന്നിയില്ല', പ്രിയങ്ക പറഞ്ഞു. ഹരിയാനയില്‍ സഖ്യമുണ്ടാക്കാനുള്ള ഇന്ത്യ സഖ്യത്തിന്റെ എല്ലാ പരിശ്രമങ്ങളും കോണ്‍ഗ്രസ് തടഞ്ഞെന്നും അവര്‍ ആരോപിച്ചു.
അതേസമയം ഹരിയാനയില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ബിജെപി അധികാരത്തിലേറി. ബിജെപി 48 സീറ്റുകള്‍ കരസ്ഥമാക്കിയപ്പോള്‍ കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചത് 37 സീറ്റുകളാണ്. ആം ആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റ് പോലും നേടാന്‍ സാധിച്ചില്ല.
ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇന്ത്യ സഖ്യത്തിലെ മറ്റ് പാര്‍ട്ടികളും കോണ്‍ഗ്രസിനെതിരെ രംഗത്തെത്തി. കോണ്‍ഗ്രസിന്റെ അഹങ്കാരത്തിനേറ്റ അടിയാണ് തിരഞ്ഞെടുപ്പ് വിധിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. ഹരിയാനയില്‍ എന്തുസംഭവിച്ചുവെന്നത് കോണ്‍ഗ്രസ് ഗൗരവമായി പഠിക്കണമെന്ന് സമാജ് വാദി പാര്‍ട്ടിയും വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നങ്ങളാണ് ഹരിയാനയിലെ തിരിച്ചടിക്ക് കാരണമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയും പ്രതികരിച്ചു. ആം ആദ്മി പാര്‍ട്ടിയെ പോലുള്ള സഖ്യകക്ഷികളെ ഉള്‍പ്പെടുത്തുന്നതില്‍ കോണ്‍ഗ്രസിന് വീഴ്ച പറ്റിയെന്ന് ശിവസേന മുഖപത്രമായ സാമ്‌നയും വിമര്‍ശിച്ചു.
Content Highlights: Aam Admi Party says they will contest alone in Delhi assembly election