'ഹരിയാന തിരഞ്ഞെടുപ്പ് തോൽവി കോൺ​ഗ്രസിന്റെ അഹന്ത കൊണ്ട് മാത്രം'; കോൺ​ഗ്രസിനെതിരെ തിരിഞ്ഞ് സഖ്യകക്ഷികൾ

കോൺഗ്രസിന്റെ അഹങ്കാരത്തിനേറ്റ അടിയാണ് തെരഞ്ഞെടുപ്പ് വിധിയെന്ന് തൃണമൂൽ കോൺഗ്രസ് പറഞ്ഞു

dot image

ഛണ്ഡി​ഗഡ്: ഹരിയാന തിരഞ്ഞെടുപ്പ് പരാജയത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ഇൻഡ്യ സഖ്യത്തിലെ പാർട്ടികൾ. ശിവസേനയ്ക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസും കോൺഗ്രസിനെതിരെ തിരിഞ്ഞിരിക്കുകയാണ്. കോൺഗ്രസിന്റെ അഹങ്കാരത്തിന് ഏറ്റ അടിയാണ് തിരഞ്ഞെടുപ്പ് വിധിയെന്ന് തൃണമൂൽ കോൺഗ്രസ് പറഞ്ഞു. കോൺ​ഗ്രസ് ആത്മപരിശോധന നടത്തണമെന്നും സഖ്യത്തിന് കോൺ​ഗ്രസ് സഹകരിച്ചിട്ടില്ലെന്നുമാണ് ആം ആദ്മി പാർട്ടിയുടെ വിമർശനം.

ഹരിയാനയിൽ എന്തുസംഭവിച്ചു എന്നത് കോൺഗ്രസ് ഗൗരവമായി പഠിക്കണമെന്ന് സമാജ് വാദി പാർട്ടിയും വ്യക്തമാക്കി. അതേസമയം കോൺ​ഗ്രസിന്റെ ആഭ്യന്തര പ്രശ്നങ്ങളാണ് ഹരിയാനയിലെ തിരിച്ചടിക്ക് കാരണമെന്നാണ് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ പ്രതികരണം.

ശിവസേന മുഖപത്രമായ സാമ്നയിലൂടെയായിരുന്നു ശിവസേനയുടെ വിമർശനം. എഎപി പോലുള്ള സഖ്യകക്ഷികളെ ഉൾപ്പെടുത്തുന്നതിൽ കോൺ​ഗ്രസിന് വീഴ്ച പറ്റിയെന്നാണ് സാമ്നയുടെ വിമർശനം. പ്രദേശിക നേതാക്കളെ കോൺ​ഗ്രസ് വിലകുറച്ച് കണ്ടുവെന്നും ഹരിയാനയിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നിൽ ഇൻഡ്യ സഖ്യമല്ല മറിച്ച് കോൺ​ഗ്രസ് മാത്രമാണെന്നും സാമ്നയിൽ പറയുന്നു. സമാജ് വാദി പാർട്ടിയെയോ എഎപിയെയോ കോൺ​ഗ്രസിന് ഉൾപ്പെടുത്താമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഫലം മറ്റൊരു തലത്തിലായേനെയെന്നും സാമ്ന കുറിച്ചു.

ഇത് കോൺ​ഗ്രസിന് എപ്പോഴും സംഭവിക്കുന്നതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിലും ഛത്തീസ്​ഗഡിലും ബിജെപി അധികാരത്തിലെത്തില്ലെന്ന് കോൺ​ഗ്രസിന് ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാൽ കോൺ​ഗ്രസിന്റെ ആഭ്യന്തര അരാജകത്വം ബിജെപിക്ക് ​ഗുണം ചെയ്തുവെന്നും സാമ്നയിൽ പരാമർശിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺ​ഗ്രസുമായി സഖ്യത്തിലെത്താൻ എഎപി ശ്രമിച്ചിരുന്നുവെങ്കിലും സീറ്റ് വിഭജന ചർച്ചകളിലുണ്ടായ അസ്വാരസ്യങ്ങൾ മൂലം സഖ്യം ഉപേക്ഷിച്ച് സ്വതന്ത്രമായി മത്സരിക്കുകയായിരുന്നു. ഹരിയാന തിരഞ്ഞെടുപ്പിലെ ബിജെപിയുടെ അട്ടിമറി വിജയത്തിൽ നിന്നും പഠിച്ച പാഠം തിരഞ്ഞെടുപ്പുകളിൽ അമിത ആത്മവിശ്വാസം പാടില്ലെന്നാണെന്ന് കഴിഞ്ഞ ദിവസം അരവിന്ദ് കെജ്‌രിവാൾ പറഞ്ഞിരുന്നു. 90ൽ 89 സീറ്റിലാണ് എഎപി സ്വതന്ത്രമായി മത്സരിച്ചത്. എഎപിയുടെ തീരുമാനം പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന് ഫലപ്രഖ്യാപനത്തോടെ വ്യക്തമാണ്. ബിജെപി, കോൺ​ഗ്രസ് സ്ഥാനാർത്ഥികളേക്കാൾ വളരെ പിന്നിലാണ് മിക്ക മണ്ഡലങ്ങളിലും എഎപി സ്ഥാനാർത്ഥികൾ.

90 സീറ്റിൽ 48 സീറ്റുകൾ നേടിയായിരുന്നു ബിജെപി വിജയിച്ചത്. കോൺ​ഗ്രസ് 36 സീറ്റുകളാണ് നേടിയത്. ഹരിയാനയിൽ കോൺ​ഗ്രസ് വിജയിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ ഉൾപ്പെടെ പ്രവചിച്ചിരുന്നത്. എന്നാൽ ഇതിനെ തള്ളിയായിരുന്നു ബിജെപിയുടെ ഹാട്രിക് ജയം.

Content Highlight: Allies turns against Congress amid failure in Haryana Elections

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us