ഹരിയാനയിൽ നയാബ്‌ സിങ് സെയ്നി വീണ്ടും മുഖ്യമന്ത്രി ആയേക്കും; ജമ്മുകശ്മീരിൽ തിരക്കിട്ട ചർച്ചകൾ

നഗരമേഖലയിലും ഗ്രാമങ്ങളിലും ഉണ്ടായ ജാട്ട് ഇതര വിഭാഗമാണ് ഹരിയാനയിൽ ഇത്തവണ ബിജെപിക്ക് തുണയായത്

dot image

ചണ്ഡീഗഢ്‌: ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ പറഞ്ഞത്. ആദ്യ ഫലസൂചനകളും അതുതന്നെയാണ് സൂചിപ്പിച്ചത്. ഭരണവിരുദ്ധ വികാരവും കർഷകരുടെയും ഗുസ്തി താരങ്ങളുടെയും അഗ്നിവീർ അപേക്ഷകരുടെയും സമരങ്ങളും കോൺഗ്രസിന് അനുകൂലമാക്കാനായതേയില്ല. നഗരമേഖലയിലും ഗ്രാമങ്ങളിലും ഉണ്ടായ ജാട്ട് ഇതര വിഭാഗമാണ് ഹരിയാനയിൽ ഇത്തവണ ബിജെപിക്ക് തുണയായത്. നയാബ്‌ സിങ് സെയ്നി തന്നെയാകും ഹരിയാനയിൽ മുഖ്യമന്ത്രിയാവുക. ഒന്നോ രണ്ടോ ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നും സൂചനയുണ്ട്.

ഹരിയാനയിൽ 90 അംഗ നിയമസഭയിൽ 48 സീറ്റുകളാണ് ബിജെപി നേടിയത്. കോൺഗ്രസ് 36 സീറ്റുകളിലാണ് വിജയിച്ചത്. പ്രതികൂല ഘടകങ്ങൾ ഏറെയുണ്ടായിട്ടും സംസ്ഥാനത്ത് ബിജെപി മികച്ച വിജയം നേടിയത് നയാബ്‌ സിങ് സെയ്നിയുടെ പ്രവർത്തന മികവുകൊണ്ടാണെന്നാണ് വിലയിരുത്തപ്പെടുന്നതും. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റൊരു പേര് ഉയർന്നു വരാനും ഇടയില്ല. ജാട്ട് വിഭാഗങ്ങൾ അകന്നപ്പോൾ പിന്നാക്ക വിഭാഗങ്ങളെ കൂടെ നിർത്താനായതും സെയ്നിയുടെ നേട്ടമായി ദേശീയ നേതൃത്വം വിലയിരുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം സെയ്നിയെ പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ചിരുന്നു. ഹരിയാനയിലെ കർഷകർ ബിജെപിക്കൊപ്പമാണെെന്നും മോദി പറഞ്ഞിരുന്നു. ജാട്ട് ഇതര വോട്ടർമാരുടെ ധ്രുവീകരണമാണ് ബിജെപിയുടെ വിജയത്തിന് കാരണമെന്ന് ഒരു മുതിർന്ന പാർട്ടി നേതാവ് പറഞ്ഞതായി ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. കോൺഗ്രസ് പാളയത്തിലെ ചേരിപ്പോരും ബിജെപി വിജയത്തിന് സഹായകരമായെന്നും അദ്ദേഹം പറഞ്ഞു.

ഒബിസി (സൈനി, അഹിർ, ഗുർജാർ, കുംഹാർ സമുദായങ്ങൾ ഉൾപ്പെടെ) വിഭാഗങ്ങളിൽ നിന്ന് 21 പേർ, 17 പട്ടികജാതിക്കാർ, 12 ബ്രാഹ്മണർ, പഞ്ചാബികൾ, അഞ്ച് ബനിയകൾ, മൂന്ന് രജപുത്രർ, ഒരു ജാട്ട് സിഖ് എന്നിവരടങ്ങുന്ന സ്ഥാനാർത്ഥികളെയാണ് ബിജെപി രംഗത്തിറക്കിയത്. പാർട്ടിക്ക് 16 ജാട്ട് സ്ഥാനാർത്ഥികളും ഉണ്ടായിരുന്നു. ജാട്ട് വോട്ടുകളുടെ വിഭജനം തന്നെ ബിജെപിയെ സഹായിച്ചതായി ജാട്ട് സമുദായത്തിൽ നിന്നുള്ള മറ്റൊരു നേതാവ് പറഞ്ഞു.

അതേസമയം, ജമ്മു കശ്മീരിൽ ഒമർ അബ്ദുള്ള മുഖ്യമന്ത്രി ആകുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം കഴിഞ്ഞ ദിവസം നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ്‌ അബ്ദുള്ളയും പ്രഖ്യാപിച്ചിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം കോൺഗ്രസ് ആവശ്യപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം. ഇതുസംബന്ധിച്ച് ഉഭയകക്ഷി ചർച്ചയും ഇന്നുണ്ടാകും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാനപദവിയും റദ്ദാക്കിയ കേന്ദ്ര നടപടിയോടുള്ള ജനങ്ങളുടെ പ്രതികരണമായാണ് തിരഞ്ഞെടുപ്പുഫലം പൊതുവേ വിലയിരുത്തപ്പെടുന്നത്.

എന്നാൽ നാഷണൽ കോൺഫറൻസിനെ പിളർത്തി സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങളും ബിജെപി നടത്തുണ്ട്. ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യമാണ് വിജയിച്ചത്. 90 അംഗ നിയമസഭയിൽ ഇരു പാർട്ടികളും ചേർന്ന് 48 സീറ്റുകളാണ് നേടിയത്. എഞ്ചിനീയർ റഷീദിന്റെ അവാമി ഇത്തിഹാദ് പാർട്ടിക്കും കശ്മീരിലെ സ്വതന്ത്ര സ്ഥാനാർത്ഥികൾക്കും ഒരു ചലനവും ഉണ്ടാക്കാനായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 28 സീറ്റുകൾ നേടിയ പിഡിപിക്ക് ഇത്തവണ മൂന്ന് സീറ്റുകളിൽ ഒതുങ്ങേണ്ടിവന്നു.

Content Highlights: BJP keeps Haryana and National Conference-led alliance bags J&K

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us