ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേനയുടെ വസതി സീല്‍ ചെയ്ത് പിഡബ്ല്യുഡി. സിവില്‍ ലൈന്‍സിലെ 6 ഫ്‌ളാഗ് സ്റ്റാഫ് റോഡിലെ വസതിയാണ് സീല്‍ ചെയ്തത്. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വീട് പൂട്ടി പിഡബ്ല്യുഡിക്ക് താക്കോല്‍ നല്‍കിയില്ലെന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥരുടെ നീക്കം. പിഡബ്ല്യുഡി പരിപാലിക്കുന്ന വസതിയുടെ ഉത്തരവാദിത്തം ബന്ധപ്പെട്ട വകുപ്പിനാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വസതിയില്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസ് ഉണ്ടെന്നും പിഡബ്ല്യുഡി പറഞ്ഞു.
എന്നാല്‍ അതിഷിയെ ഔദ്യോഗിക വസതിയില്‍ താമസിപ്പിക്കാതിരിക്കാനുള്ള നീക്കമാണിതെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. വസതിയിലെ അതിഷിയുടെ വസ്തുവകകള്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ പുറത്തിട്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായിരിക്കും ഒരു മുഖ്യമന്ത്രിക്ക് ഇങ്ങനൊരു അനുഭവമുണ്ടാകുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്ത് വിട്ട പ്രസ്താവനയില്‍ പറഞ്ഞു.
'രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായിരിക്കും ഒരു മുഖ്യമന്ത്രിയോട് വസതി ഒഴിയാന്‍ ആവശ്യപ്പെടുന്നത്. ബിജെപിയുടെ ആവശ്യപ്രകാരം മുഖ്യമന്ത്രി അതിഷിയുടെ സാധനങ്ങള്‍ ലെഫ്‌നന്റ് ഗവര്‍ണര്‍ നീക്കം ചെയ്തു. മുഖ്യമന്ത്രിയുടെ വസതി ബിജെപിയുടെ മുതിര്‍ന്ന നേതാവിന് നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്. കഴിഞ്ഞ 27 വര്‍ഷമായി ഡല്‍ഹിയില്‍ പ്രവാസ ജീവിതം നയിക്കുന്ന ബിജെപി മുഖ്യമന്ത്രിയുടെ വസതി പിടിച്ചെടുക്കുകയാണ്', പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം പിഡബ്ല്യുഡിയുടെ നടപടിക്ക് പിന്നാലെ പരിഹാസവുമായി ഡല്‍ഹി ബിജെപി പ്രസിഡന്റ് വിരേന്ദ്ര സച്‌ദേവ രംഗത്തെത്തി. 'ഒടുവില്‍ അരവിന്ദ് കെജ്‌രിവാളിന്റെ 'കൊട്ടാരം' സീല്‍ ചെയ്തു. അധികാരികളില്‍ നിന്നും പൂര്‍ത്തീകരണ അംഗീകാരം ലഭിക്കാതെ എങ്ങനെയാണ് അദ്ദേഹം കൊട്ടാരത്തില്‍ താമസിച്ചത്. തന്റെ മുഖ്യമന്ത്രിയെയും (അതിഷി) അതേ വസതിയില്‍ തന്നെ അദ്ദേഹം താമസിപ്പിച്ചു. എന്താണ് ആ വീട്ടില്‍ ഒളിച്ചിരിക്കുന്നത്'? അദ്ദേഹം പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
മുഖ്യമന്ത്രി പദവി ഒഴിഞ്ഞതിന് പിന്നാലെ കഴിഞ്ഞ ആഴ്ചയായിരുന്നു അരവിന്ദ് കെജ്‌രിവാള്‍ ഈ വസതിയില്‍ നിന്നും ഒഴിയുന്നത്. അതിഷിയുടെ കൈവശം താക്കോലുണ്ടെങ്കിലും അവര്‍ക്ക് ഔദ്യോഗികമായ കത്തുകള്‍ നല്‍കിയിട്ടില്ലെന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയെന്ന നിലയില്‍ ഒരു വസതിയില്ല. 2015 മുതല്‍ ഒരേ വസതിയില്‍ തന്നെയാണ് അരവിന്ദ് കെജ്‌രിവാള്‍ താമസിക്കുന്നത്. 2020-21 വര്‍ഷം വസതി പുനനിര്‍മിച്ചതുമായി ബന്ധപ്പെട്ടുണ്ടായ ചെലവുകളില്‍ വിവാദമുണ്ടായിരുന്നു.
Content Highlights: Central PWD sealed Delhi Chief Minister Atishi Marlena' s house