ഹരിയാനയിലെ 20 മണ്ഡലങ്ങളിലെ ക്രമക്കേടിൻ്റെ രേഖകൾ സമർപ്പിച്ചു; തിരഞ്ഞെടുപ്പ് കമ്മീഷനെ സന്ദർശിച്ച് കോൺഗ്രസ്

13 നിയോജക മണ്ഡലങ്ങളിലെ രേഖകള്‍ ശേഖരിക്കുന്നുണ്ടെന്നും അതും കമ്മീഷന് മുമ്പാകെ സമര്‍പ്പിക്കുമെന്നും കോണ്‍ഗ്രസ്

dot image

ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, ജയ്‌റാം രമേശ്, പവന്‍ ഖേര, അജയ് മാക്കന്‍ തുടങ്ങിയ നേതാക്കളാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിച്ച് ആശങ്കകള്‍ അറിയിച്ചത്. പല മണ്ഡലങ്ങളിലെയും വോട്ടെണ്ണലില്‍ സംശയമുന്നയിച്ച് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് നേതാക്കള്‍ കമ്മീഷനെ സന്ദര്‍ശിച്ചത്.

പരാതികളുന്നയിക്കപ്പെട്ട വോട്ടിങ്ങ് മെഷീനുകള്‍ സീല്‍ ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പവന്‍ ഖേര മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത 48 മണിക്കൂറിനുള്ളില്‍ കൂടുതല്‍ പരാതികള്‍ നല്‍കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. 20 മണ്ഡലങ്ങളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അത് മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 13 നിയോജക മണ്ഡലങ്ങളിലെ രേഖകള്‍ ശേഖരിക്കുന്നുണ്ടെന്നും അതും കമ്മീഷന് മുമ്പാകെ സമര്‍പ്പിക്കുമെന്നും പവന്‍ ഖേര വ്യക്തമാക്കി.

അതേസമയം ഇന്നലെ കോണ്‍ഗ്രസ് വക്താക്കള്‍ നടത്തിയ വാര്‍ത്ത സമ്മേളനം ജനവിധിക്കെതിരാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിപ്രായപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നിലപാട് ജനാധിപത്യ വിരുദ്ധ സമീപനം ആണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. നേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് അയച്ച കത്തിലായിരുന്നു കമ്മീഷന്റെ പ്രതികരണം.

ഹരിയാന തിരഞ്ഞെടുപ്പില്‍ ഇവിഎം പ്രവര്‍ത്തനത്തെ കുറിച്ചും വോട്ടെണ്ണലിനെ കുറിച്ചും പാര്‍ട്ടിക്ക് ഗുരുതര പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മൂന്ന് ജില്ലകളില്‍ നിന്നും പരാതി ലഭിച്ചു. പരാതി സംബന്ധിച്ച് ഹരിയാനയിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


Content Highlights: Congress leaders meets Election Commission of India to express concern in Haryana Election

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us