ശ്രീനഗർ: ജമ്മു കശ്മീർ, ഹരിയാന തിരഞ്ഞെടുപ്പ് ഫലങ്ങൾ ബിജെപിക്കെതിരായ പോരാട്ടത്തിൽ മതേതര ശക്തികൾക്ക് വിലപ്പെട്ട പാഠങ്ങൾ നൽകുന്ന ജനവിധി എന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. ജമ്മു കശ്മീരിൽ ആറ് വർഷത്തെ കേന്ദ്ര സർക്കാരിൻ്റെ ഏകാധിപത്യ ഭരണത്തിന് ഏറ്റ തിരിച്ചടിയാണ് ഫലം. ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലത്തിന് കാരണമായ ഘടകങ്ങളെ കുറിച്ച് കോൺഗ്രസ് ആത്മപരിശോധന നടത്തണം.
സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ തിരഞ്ഞെടുത്ത കുൽഗാംമിലെ ജനങ്ങളെ അഭിനന്ദിക്കുന്നു എന്നും പോളിറ്റ് ബ്യൂറോ പറഞ്ഞു.
ജമ്മു കശ്മീരിൽ 2014 ന് ശേഷം ആദ്യമായി നടന്ന തിരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണി വിജയിച്ചിരുന്നു. 90 അംഗ നിയമസഭയിൽ ജമ്മു കശ്മീർ നാഷണൽ കോൺഫറൻസിനും കോൺഗ്രസിനുമായി 48 സീറ്റുകളാണ് നേടാനായത്. സിപിഐഎം ഒരു സീറ്റും നേടിയിട്ടുണ്ട്. ബിജെപി 29 സീറ്റും നേടിയിട്ടുണ്ട്. എഞ്ചിനീയർ റഷീദിന്റെ അവാമി ഇത്തിഹാദ് പാർട്ടിക്കും കശ്മീരിലെ സ്വതന്ത്ര സ്ഥാനാർത്ഥികൾക്കും ഒരു ചലനവും ഉണ്ടാക്കാനായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 28 സീറ്റുകൾ നേടിയ പിഡിപിക്ക് ഇത്തവണ മൂന്ന് സീറ്റുകളിൽ ഒതുങ്ങേണ്ടിവന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയായ നാഷണൽ കോൺഫറൻസിന് 41 സീറ്റ് ലഭിച്ചു. ആറ് സീറ്റാണ് കോൺഗ്രസിന് ലഭിച്ചത്. രണ്ടാമത്തെ വലിയ ഒറ്റകക്ഷിയാണ് ബിജെപി.
എന്നാൽ ഹരിയാനയിൽ വിജയിക്കുമെന്ന് കരുതിയെങ്കിലും കോൺഗ്രസിന് പരാജയം സമ്മതിക്കേണ്ടി വന്നു. എക്സിറ്റ് പോളുകൾ പോലും കോൺഗ്രസിന്റെ വിജയം പ്രവചിച്ചിടത്തുനിന്നാണ് കോൺഗ്രസിന്റെ തോൽവി. 90 അംഗ നിയമസഭയിൽ ബിജെപി 48 സീറ്റ് നേടിയപ്പോൾ കോൺഗ്രസിന് 37 സീറ്റാണ് നേടാനായത്.
Content highlight: CPIM Politburo about Haryana Jammu Kashmir Election result