മംഗളൂരു: പ്രമുഖ വ്യവസായി ബി എം മുംതാസ് അലിയുടെ(52) ആത്മഹത്യയെ തുടർന്ന് സഹോദരൻ ഹൈദർ അലി നൽകിയ പരാതിയിൽ മലയാളി യുവതിയും ഭർത്താവും അറസ്റ്റിൽ. റഹ്മത്ത്, ഭർത്താവ് ഷുഹൈബ് എന്നിവരെ ദക്ഷിണ ബണ്ട്വാളിൽ നിന്ന് കാവൂർ പൊലീസാണ് അറസ്റ്റു ചെയ്തത്. പാരതിയിൽ പറയുന്നത് പ്രകാരം ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
ഷാഫി, മുസ്തഫ, അബ്ദുൽ സത്താർ, ഇയാളുടെ ഡ്രൈവർ സിറാജ് എന്നിവരാണ് പൊലീസ് തിരയുന്ന മറ്റ് പ്രതികൾ. മുംതാസ് അലിയെ നഗ്ന ദൃശ്യങ്ങൾ കാണിച്ച് സംഘം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുതാംസ് അലിയിൽ നിന്ന് 50 ലക്ഷം തട്ടിയെടുത്ത പ്രതികൾ വീണ്ടും പണം ആവശ്യപ്പെട്ടിരുന്നതായി സഹോദരൻ്റെ പരാതിയിൽ പറയുന്നു. പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വീട്ടിൽ നിന്ന് ഞായറാഴ്ച പുലർച്ചെ പുറപ്പെട്ട മുംതാസ് അലി തന്റെ മരണത്തിന് കാരണം ഈ ആറുപേരാണെന്ന് സൂചിപ്പിക്കുന്ന തരത്തിൽ വാട്സ്ആപ്പ് സന്ദേശം കടുംബത്തിന് അയച്ചിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ദേശീയപാത 66ൽ കൂളൂർ പാലത്തിന് സമീപത്തുനിന്ന് മുംതാസ് അലിയുടെ കാർ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പനമ്പൂര്‍ പൊലീസിനെ വിവരമറിച്ചിരുന്നു. കാറിന്റെ മുൻവശത്ത് മറ്റൊരു വാഹനത്തിൽ ഇടിച്ചതിന്റെ പാടുകൾ ഉണ്ടായിരുന്നു. തുടര്‍ന്നാണ് പുഴയില്‍ തിരച്ചില്‍ നടത്തിയത്. തുടർന്ന് പാലത്തിനടിയില്‍ നിന്ന് മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മുംതാസ് അലിയുടെ മൊബൈല്‍ ഫോണും കാറിന്റെ താക്കോലും പാലത്തിന് സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു. മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മല്‍പെയുള്‍പ്പെട്ട സംഘവും എന്‍ഡിആര്‍എഫും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മുംതാസ് അലി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കോണ്‍ഗ്രസ് മുന്‍ എംഎല്‍എ മൊഹിയുദീന്‍ ബാവയുടെയും ജനതാദള്‍ എസ് മുന്‍ എംഎല്‍സി ബി എ ഫാറുഖിന്റെയും സഹോദരനാണ് മരിച്ച മുംതാസ് അലി. കയറ്റുമതി വ്യവസായത്തിലായിരുന്നു മുംതാസ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
Content Highlights: Mangaluru Business man death case malayali women and her husband was arrested