ഹരിയാനയിലെ ഫലം പരിശോധിക്കും; ജമ്മു കശ്മീരിലേത് സ്വാഭിമാനത്തിന്റെ വിജയം: രാഹുൽ ​ഗാന്ധി

പിന്തുണച്ചതിന് ഹരിയാനയിലെ ജനങ്ങൾക്ക് നന്ദി. അവകാശങ്ങൾക്കും സാമൂഹിക നീതിക്കുമായുള്ള പോരാട്ടം തുടരും

dot image

ഛണ്ഡീ​ഗഡ്: ഹരിയാനയിലെ കോൺ​ഗ്രസിന്റെ അപ്രതീക്ഷിത പരാജയത്തിൽ പ്രതികരണവുമായി രാഹുൽ ​ഗാന്ധി. ഹരിയാനയിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ലഭിച്ച പരാതികൾ തിരഞ്ഞെടുപ്പ് കമ്മീഷനെ ബോധിപ്പിക്കും. അവകാശങ്ങൾക്കായി പോരാടുന്നത് തുടരുമെന്ന് വ്യക്തമാക്കിയ രാഹുൽ ​ഗാന്ധി ജമ്മു കശ്മീരിലെ വിജയത്തിന് ജനങ്ങൾക്ക് നന്ദിയും അറിയിച്ചു. സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

'ജമ്മു കശ്മീരിലെ വിജയത്തിന് ജനങ്ങളോട് നന്ദി പറയുന്നു. ജമ്മു കശ്മീരിലെ വിജയം രാജ്യത്തിന്റെ ഭരണഘടനയുടെ വിജയമാണ്, സ്വാഭിമാനത്തിന്റെ വിജയമാണ്. ഹരിയാനയിലെ അപ്രതീക്ഷിത ഫലത്തെ വിശകലനം ചെയ്യുകയാണ്. പല നിയമസഭ മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുന്ന പരാതികൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. പിന്തുണച്ചതിന് ഹരിയാനയിലെ ജനങ്ങൾക്ക് നന്ദി. അവകാശങ്ങൾക്കും സാമൂഹിക നീതിക്കുമായുള്ള പോരാട്ടം തുടരും. സത്യങ്ങൾ ഉറക്കെ പറയും. ശബ്ദമുയർത്തുന്നത് തുടരും', രാഹുൽ ​ഗാന്ധി കുറിച്ചു.

കഴിഞ്ഞ ദിവസം ഹരിയാനയിലെ ബിജെപിയുടെ വിജയം അം​ഗീകരിക്കാനാകില്ലെന്നും കൃത്രിമത്വം നടന്നെന്നും കോൺ​ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ചൂണ്ടിക്കാട്ടിയിരുന്നു. ഇവിഎം പ്രവർത്തനത്തെ കുറിച്ചും വോട്ടെണ്ണലിനെ കുറിച്ചും പാർട്ടിക്ക് ​ഗുരുതര പരാതികൾ ലഭിച്ചിട്ടുണ്ട്. മൂന്ന് ജില്ലകളിൽ നിന്നും പരാതി ലഭിച്ചു. പരാതി സംബന്ധിച്ച് ഹരിയാനയിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ട്. വിവരം ശേഖരിക്കുകയാണെന്നും രണ്ട് ദിവസത്തിനുള്ളിൽ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്നും ഹരിയാനയിലെ ജനങ്ങളുടെ പ്രതീക്ഷകൾക്ക് വിപരീതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിൽ ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലം അം​ഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. സംസ്ഥാനത്തെ വിവിധ സ്ഥാനാർത്ഥികൾ വിഷയത്തിൽ ​ഗൗരവമായ ആശങ്കയറിയിച്ചിട്ടുണ്ട്. ഹരിയാനയിൽ ഇന്ന് കണ്ടത് കൃത്രിമത്വത്തിൻ്റെ വിജയമാണ്. ജനഹിതം അട്ടിമറിച്ചതിൻ്റെ ആഘോഷം. ഹരിയാനയിലെ ബിജെപിയുടെ വിജയം സുതാര്യമായ ജനാധിപത്യ പ്രക്രിയയെ പരാജയപ്പെടുത്തുന്നതാണെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.

90 സീറ്റിൽ 48 സീറ്റുകൾ നേടിയായിരുന്നു ബിജെപി വിജയിച്ചത്. കോൺ​ഗ്രസ് 36 സീറ്റുകളാണ് നേടിയത്. ഹരിയാനയിൽ കോൺ​ഗ്രസ് വിജയിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ ഉൾപ്പെടെ പ്രവചിച്ചിരുന്നത്. എന്നാൽ ഇതിനെ തള്ളിയായിരുന്നു ബിജെപിയുടെ ഹാട്രിക് ജയം. 1966 ൽ പഞ്ചാബിൽ നിന്ന് വിഭജിച്ച് പുതിയ സംസ്ഥാനം രൂപപ്പെട്ട ശേഷം ഇതുവരെ ഒരു പാർട്ടിക്കും നേടാനായിട്ടില്ലാത്ത ഹാട്രിക് വിജയമാണ് ബിജെപി നേടിയിരിക്കുന്നത്.

ഹരിയാന ബിജെപിയിലേക്ക് ചായുമ്പോഴും ജുലാന മണ്ഡലം വിനേഷ് ഫോഗട്ടിനൊപ്പം നിന്നത് കോൺ​ഗ്രസ് ആശ്വാസമാണ്. ബിജെപിയുടെ യോഗേഷ് കുമാറിനെയാണ് ജുലാനയിൽ വിനേഷ് മലർത്തിയടിച്ചത്.

Content Highlight: Rahul Gandhi calls winning J&K a victory of self respect, says will check Haryana results

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us