സഖ്യകക്ഷികളെ ഉൾപ്പെടുത്തിയില്ല, ഹരിയാന പരാജയത്തിന് പിന്നിൽ കോൺ​ഗ്രസിന്റെ അമിത ആത്മവിശ്വാസം: സാമ്ന

എളുപ്പത്തിൽ ജയിക്കാമായിരുന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെടാനുള്ള തങ്ങളുടെ സഖ്യകക്ഷിയുടെ പ്രത്യേക കഴിവിനെ കുറിച്ചും സാമ്ന ചൂണ്ടിക്കാട്ടി

dot image

ഡൽഹി: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ സഖ്യകക്ഷിയായ കോൺ​ഗ്രസിനെ വിമർശിച്ച് ശിവസേന (യുബിടി) വിഭാ​ഗം മുഖപത്രമായ സാമ്ന. എഎപി പോലുള്ള സഖ്യകക്ഷികളെ ഉൾപ്പെടുത്തുന്നതിൽ കോൺ​ഗ്രസിന് വീഴ്ച പറ്റിയെന്നാണ് സാമ്നയുടെ വിമർശനം. പ്രദേശിക നേതാക്കളെ ചേർത്തുനിർത്താൻ സാധിക്കാതിരുന്നതും കോൺ​ഗ്രസിന്റെ വീഴ്ചയായി സാമ്ന ചൂണ്ടിക്കാട്ടുന്നുണ്ട്. എളുപ്പത്തിൽ ജയിക്കാമായിരുന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെടാനുള്ള തങ്ങളുടെ സഖ്യകക്ഷിയുടെ പ്രത്യേക കഴിവിനെ കുറിച്ചും സാമ്ന ചൂണ്ടിക്കാട്ടി.

ഹരിയാനയിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നിൽ ഇൻഡ്യ സഖ്യമല്ല മറിച്ച് കോൺ​ഗ്രസ് മാത്രമാണ് ഉത്തരവാദി. കോൺ​ഗ്രസ് നേതാക്കൾക്ക് അമിത ആത്മവിശ്വാസമായിരുന്നു. സമാജ് വാദി പാർട്ടിയെയോ എഎപിയെയോ കോൺ​ഗ്രസിന് ഉൾപ്പെടുത്താമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഫലം മറ്റൊരു തലത്തിലായേനെയെന്നും സാമ്ന കുറിച്ചു. ഇത് കോൺ​ഗ്രസിന് എപ്പോഴും സംഭവിക്കുന്നതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിലും ഛത്തീസ്​ഗഡിലും ബിജെപി അധികാരത്തിലെത്തില്ലെന്ന് കോൺ​ഗ്രസിന് ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാൽ കോൺ​ഗ്രസിന്റെ ആഭ്യന്തര അരാജകത്വം ബിജെപിക്ക് ​ഗുണം ചെയ്തു.

ഹരിയാനയിൽ എഎപിയുമായി സഖ്യത്തിന് ശ്രമം നടത്തിയിരുന്നുവെങ്കിലും സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പിന്നാലെ എഎപി സ്വതന്ത്രമായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. കോൺ​ഗ്രസിന്റെ പരാജയം സംബന്ധിച്ച് വിവിധ ആരോപണങ്ങൾ ഉയരുന്നുണ്ട്. കോൺ​ഗ്രസിന്റെ ഹരിയാനയിലെ മുഖമായിരുന്ന ഭൂപീന്ദർ സിങ് ഹൂഢ തന്നെയാണോ കോൺ​ഗ്രസ് എന്ന കപ്പലിനെ മുക്കിയ കപ്പിത്താൻ എന്ന ചോദ്യവും ശക്തമാണ്. മുഖ്യമന്ത്രിയാരാകും എന്നത് സംബന്ധിച്ച് ഹൂഢയും സെൽജയും തമ്മിൽ നടന്ന വാക്പോരുകളും കോൺ​ഗ്രസിന്റെ പതനത്തിന് കാരണമായിട്ടുണ്ടെന്നും സാമ്നയിൽ പറയുന്നു.

അതേസമയം ഹരിയാനയിലെ തിരഞ്ഞെടുപ്പ്വ പരാജയം മഹാരാഷ്ട്രയിലുണ്ടാകില്ലെന്ന പ്രതീക്ഷയും ശിവസേന പങ്കുവെക്കുന്നുണ്ട്. ആരും ആരുടേയും വല്യേട്ടനായി കണക്കേണ്ടകില്ല. മഹാരാഷ്ട്രയിലെ ജനങ്ങൾ ഹരിയാനയുടെ പാത പിന്തുടരില്ല. മഹാ വികാസ് അഘാഡി വിജയിക്കുമെന്നും ശിവസേന (യുബിടി) നേതാവ് സഞജയ് റാവത് പറഞ്ഞു.

ഹരിയാനയിലെ ഫലം പരിശോധിക്കുമെന്ന് നേരത്തെ കോൺ​ഗ്രസ് നേതാവ് രാ​ഹുൽ ​ഗാന്ധി വ്യക്തമാക്കിയിരുന്നു. ഹരിയാനയിലെ ബിജെപിയുടെ വിജയം അം​ഗീകരിക്കാനാകില്ലെന്നും കൃത്രിമത്വം നടന്നെന്നും കോൺ​ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ചൂണ്ടിക്കാട്ടിയിരുന്നു. ഇവിഎം പ്രവർത്തനത്തെ കുറിച്ചും വോട്ടെണ്ണലിനെ കുറിച്ചും പാർട്ടിക്ക് ​ഗുരുതര പരാതികൾ ലഭിച്ചിട്ടുണ്ട്. മൂന്ന് ജില്ലകളിൽ നിന്നും പരാതി ലഭിച്ചു. പരാതി സംബന്ധിച്ച് ഹരിയാനയിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ട്. വിവരം ശേഖരിക്കുകയാണെന്നും രണ്ട് ദിവസത്തിനുള്ളിൽ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു..

90 സീറ്റിൽ 48 സീറ്റുകൾ നേടിയായിരുന്നു ബിജെപി വിജയിച്ചത്. കോൺ​ഗ്രസ് 36 സീറ്റുകളാണ് നേടിയത്. ഹരിയാനയിൽ കോൺ​ഗ്രസ് വിജയിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ ഉൾപ്പെടെ പ്രവചിച്ചിരുന്നത്. എന്നാൽ ഇതിനെ തള്ളിയായിരുന്നു ബിജെപിയുടെ ഹാട്രിക് ജയം.

Content Highlight: Shiva Sena mouth piece Saamna criticizes congress for its failure in Haryana

dot image
To advertise here,contact us
dot image