'പ്രിയ വെളിച്ചമേ...'; രത്തൻ ടാറ്റയുടെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് 28-കാരൻ ശന്തനു, ഈ സൗഹൃദം ഹൃദ്യം

ടാറ്റ ​ഗ്രൂപ്പ് ചെയർമാൻ ആയിരുന്ന രത്തൻ ടാറ്റയുടെ ഓഫീസിലെ ജനറൽ മാനേജറായിരുന്നു ശന്തനു

dot image

മുംബൈ: രത്തൻ ടാറ്റയെന്ന അതികായന്റെ വിയോ​ഗത്തിൽ വിതുമ്പുകയാണ് ലോകം. ഓരോ മനുഷ്യന്റെയും നിത്യ ജീവിതം ടാറ്റയുമായി ബന്ധപ്പെടാതെ കടന്നുപോകുന്നേയില്ല. ഉപ്പ് മുതൽ എയ‍ർ സ‍ർവ്വീസ് വരെ ടാറ്റ സാധാരണക്കാ‍ർക്ക് സാധ്യമാക്കി. ടാറ്റയുടെ വിയോ​ഗത്തിൽ വേദനിക്കുന്ന അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തനായ 28 കാരൻ ശന്തനു നായിഡുവിന്റെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരെയും കണ്ണീരണിയിക്കുന്നത്.

ടാറ്റ ​ഗ്രൂപ്പ് ചെയർമാൻ ആയിരുന്ന രത്തൻ ടാറ്റയുടെ ഓഫീസിലെ ജനറൽ മാനേജറായിരുന്നു ശന്തനു. 'പ്രിയ വെളിച്ചമേ…' എന്ന് ടാറ്റയെ വിശേഷിപ്പിച്ചുകൊണ്ടുള്ള ശന്തനുവിന്റെ പോസ്റ്റ് ലിങ്ക്ഡ് ഇൻ- ലാണ് പ്രത്യക്ഷപ്പെട്ടത്. "ഈ സൗഹൃദം ഇപ്പോൾ എന്നിൽ അവശേഷിപ്പിക്കുന്ന ശൂന്യത നികത്താൻ ഞാൻ എൻ്റെ ജീവിതകാലം മുഴുവൻ ശ്രമിക്കും. ദുഃഖമാണ് സ്നേഹത്തിന് കൊടുക്കേണ്ട വില." - ശന്തനു കുറിച്ചു.

തന്റെ കുടുംബത്തിൽ നിന്ന് ടാറ്റയിൽ ജോലി ചെയ്യുന്ന അഞ്ചാം തലമുറയാണ് ശന്തനു. നായകളോടുള്ള സ്നേഹമാണ് രത്തൻ ടാറ്റയെയും ശന്തനുവിനെയും കൂടുതൽ അടുപ്പിച്ചത്. കോർണൽ സ‍ർവ്വകലാശാലയിൽ നിന്ന് എംബിഎ നേടിയ ശന്തനു ​ഗുഡ്‍ഫെലോസ് സ്റ്റാർട്ട് അപ്പ് സ്ഥാപകനാണ്.

ഇന്ന് ടാറ്റയുടെ ഭൗതിക ദേഹം വഹിച്ചുകൊണ്ടുള്ള വാഹനത്തെ മുന്നിൽ നിന്ന് നയിച്ചത് ശന്തനുവിന്റെ മോട്ടോ‍ർ സൈക്കിളാണ്. തന്റെ പ്രിയ സുഹൃത്ത് അവസാനമായി വീടുവിട്ടിറങ്ങുമ്പോൾ ശന്തനു അല്ലാതെ മറ്റാര് നയിക്കാൻ.

ഒക്ടോബർ 9ന് രാത്രിയോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു രത്തൻ ടാറ്റയുടെ വിയോ​ഗം. 87 വയസ്സായിരുന്നു. ലോക വ്യാവസായിക മേഖലയിൽ ഇന്ത്യയെ അടയാളപ്പെടുത്തിയ ടാറ്റയെ രാജ്യം പത്മവിഭൂഷനും പത്മഭൂഷനും നൽകി ആദരിച്ചു.

ടാറ്റയുടെ വ്യവസായ പെരുമ ഇന്ത്യയും കടന്ന് ലോകമാകെ പടര്‍ത്തിയ വ്യവസായി, ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറിനെ വിപണിയിലെത്തിച്ച സംരംഭകന്‍, ഉപ്പ് മുതൽ സോഫ്റ്റ് വെയര്‍ വരെ ടാറ്റയുടെ കരസ്പർശമെത്തിച്ച മേധാവി, ലാഭത്തിന്റെ 60 ശതമാനം സന്നദ്ധപ്രവർത്തനങ്ങൾക്ക് മാറ്റിവച്ച കച്ചവടക്കാരന്‍, വാണിജ്യ ലോകത്ത് കനിവും കരുതലും ഉയര്‍ത്തിപ്പിടിച്ച ഒറ്റയാന്‍ എന്നിങ്ങനെ അവസാനിക്കാത്തതാണ് രത്തൻ ടാറ്റയെന്ന അതികായന്റെ വിശേഷണങ്ങൾ.

1937 ഡിസംബർ 28, ബോംബെയില്‍ ജനനം. മാതാപിതാക്കള്‍ വേർപിരിഞ്ഞതിനാല്‍ കുട്ടിക്കാലം മുത്തശിക്കൊപ്പമായിരുന്നു. 1959ൽ അമേരിക്കയിലെ കോർണൽ സര്‍വകലാശാലയില്‍ നിന്ന് ആർക്കിടെക്ചറിൽ ബിരുദം നേടി. 1961ൽ കുടുംബ ബിസിനസായ ടാറ്റ സ്റ്റീൽസിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1970ല്‍ മാനേജ്മെന്റ് തലത്തിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. നഷ്ടത്തിലേക്ക് കൂപ്പുകുത്താൻ തുടങ്ങിയ ടാറ്റ ഗ്രൂപ്പിലെ പല കമ്പനികളെയും ലാഭത്തിലാക്കിയത് രത്തൻ ടാറ്റയുടെ കീഴിലാണ്.

Content Highlights: Shantanu Naidu pens about Ratan Tata on his demise

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us