ഇന്ന് ട്രിച്ചിയെങ്കിൽ അന്ന് നെടുമ്പാശ്ശേരി, വിമാനത്താവളം മുൾമുനയിൽ നിന്ന ആ മണിക്കൂര്‍

നെഞ്ചിടിപ്പോടെയാണ് ഈ നിമിഷങ്ങളെ വിമാനത്താവള അധികൃതർ നേരിട്ടത്

dot image

എയർ ഇന്ത്യ വിമാനം ഹൈഡ്രോളിക് തകരാറിനെത്തുടർന്ന് ലാൻഡ് ചെയ്യാൻ കഴിയാത്തത് ട്രിച്ചി വിമാനത്താവളത്തില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. എന്നാൽ മണിക്കൂറുകളോളം ആകാശത്ത് പറന്ന ശേഷം 8.20ഓടെ വിമാനം സുരക്ഷിതമായി നിലത്തിറക്കാനായി. യാത്രക്കാർ സുരക്ഷിതരാണ് എന്ന് മാത്രമല്ല, യാതൊരുവിധ പ്രശ്നങ്ങളും ഇതിനിടയ്ക്ക് ഉണ്ടായതുമില്ല. ഇത്തരത്തിൽ ആകാശത്തുവെച്ചുള്ള വിമാനത്തിന്റെ ഹൈഡ്രോളിക് തകരാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിനെയും ഒരിക്കൽ ആശങ്കയുടെ ഉച്ചസ്ഥായിയിൽ നിർത്തിയിട്ടുണ്ട്.

2022 ജൂൺ 15നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിനെ മുൾമുനയിൽ നിർത്തിയ ആ സംഭവമുണ്ടാകുന്നത്. എയർ അറേബ്യ G9-426 വിമാനത്തിന് ഹൈഡ്രോളിക്ക് സംവിധാനത്തിന്റെ തകരാർ മൂലം ലാൻഡ് ചെയ്യാൻ സാധിക്കാതെ വന്നു. രാത്രി 7.13നാണ് വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ അതിന് തയ്യാറെടുക്കുമ്പോളാണ് ഇത്തരമൊരു തകരാർ പൈലറ്റിന്റെ ശ്രദ്ധയിൽപെട്ടത്.

വൈകുന്നേരം ആറരയോടെ തകരാർ ശ്രദ്ധയിൽപെട്ട പൈലറ്റ് ഉടൻ വിമാനത്താവളത്തിലെ എയർ ട്രാഫിക്ക് കൺട്രോളറെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ എമർജൻസി ലാൻഡിങ്ങിന് ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച് വിമാനത്താവള അധികൃതർ അടിയന്തിര സാഹചര്യങ്ങൾ നേരിടാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുകയും വിമാനത്താവള പ്രദേശത്ത് അടിയന്തിരാവസ്ഥ ഏർപ്പെടുത്തുകയും ചെയ്തു.

വിമാനത്തിന്റെ സുരക്ഷിത ലാൻഡിങ്ങിനായി റൺവെയിലെ നിരവധി വിമാനങ്ങൾ അധികൃതർ മാറ്റിയിട്ടു. ലാൻഡിങ്ങിനായി കാത്തുകിടന്ന രണ്ട് വിമാനങ്ങളെ വഴിതിരിച്ചുവിടുകയും ചെയ്തു. ആംബുലൻസുകൾ, അഗ്നിശമന സേന, സിഐഎസ്എഫ് തുടങ്ങിയ സംവിധാനങ്ങളെല്ലാം വിമാനത്താവളത്തിന് പുറത്ത് അധികൃതർ സജ്ജമാക്കിയിരുന്നു. 7.13ന് ലാൻഡ് ചെയ്യേണ്ടിയിരിക്കുന്ന വിമാനം പത്ത് മിനുട്ടോളം ആകാശത്ത് വട്ടമിട്ടു പറന്ന ശേഷം 7.29ഓടെ ലാൻഡ് ചെയ്തു.

നെഞ്ചിടിപ്പോടെയാണ് ഈ നിമിഷങ്ങളെ വിമാനത്താവള അധികൃതർ നേരിട്ടത്. 222 യാത്രക്കാരായിരുന്നു അന്ന് ആ വിമാനത്തിലുണ്ടായിരുന്നത്. എന്തെങ്കിലും ഒരു പിഴവ് സംഭവിച്ചാൽ അത്രയും ജീവൻ തന്നെ അപകടത്തിലാകുമായിരുന്നു. എന്നാൽ അടിയന്തിര ലാൻഡിങ് സുരക്ഷിതമായി നടന്നതോടെ യാത്രക്കാരും വിമാനത്താവള അധികൃതരും ഹാപ്പി. ശേഷം അധികൃതർ വിമാനത്താവളത്തിലെ അടിയന്തിരാവസ്ഥ പിൻവലിക്കുകയും വിമാന സർവീസുകൾ സാധാരണ നിലയിലാക്കുകയും ചെയ്തു.

Content Highlights: air arabia hydrolic failure caused panic at nedumbassery before

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us