'അറ്റ കൈ'യായി ബെല്ലി ലാൻഡിങ് ചെയ്യാനും അനുമതി; എന്നാൽ സുരക്ഷിതമായ ലാൻഡിംഗ് ഉണ്ടായി;ആശ്വാസം

അടിയന്തിര ഘട്ടങ്ങളിൽ മാത്രമേ ഇത്തരം ലാൻഡിങ്ങിന് അനുമതി നൽകാറുള്ളൂ

dot image

ഹൈഡ്രോളിക്ക് തകരാർ മൂലം എയർ ഇന്ത്യ വിമാനത്തിന് ട്രിച്ചി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ കഴിയാത്തത് വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. ഇന്ന് വൈകിട്ട് 5.40ന് ടേക്ക് ഓഫ് ചെയ്ത ഷാർജ വിമാനത്തിനാണ് ആകാശത്തുവെച്ച് സാങ്കേതിക തകരാർ കണ്ടെത്തിയത്. ഉടൻ തന്നെ തിരിച്ചിറക്കാൻ നോക്കിയെങ്കിലും വിമാനത്തിൽ ഇന്ധനം തീരാൻ വേണ്ടി വീണ്ടും വട്ടമിട്ടു പറക്കുകയായിരുന്നു.

8.20ന് ഷാർജയിൽ ലാൻഡ് ചെയ്യേണ്ടതായിരുന്നു വിമാനം. എന്നാൽ തകരാർ കണ്ടെത്തിയതോടെ തിരിച്ചിറക്കാൻ പദ്ധതിയിടുകയായിരുന്നു. അടിയന്തിര ലാൻഡിങ്ങിനായുള്ള അനുമതി ലഭിച്ചതോടെ വിമാനത്താവള പരിസരത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. അമ്പതോളം ആംബുലൻസുകളും നിരവധി അഗ്നിശമനസേനാ യൂണിറ്റുകളും വിമാനത്താവള പരിസരത്ത് നിലയുറപ്പിച്ചു. എന്നാൽ സുരക്ഷിതമായി എട്ടരയോടെ വിമാനം നിലത്തിറക്കി.

വേണ്ടിവന്നാൽ ബെല്ലി ലാൻഡിങ്ങിനും കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകിയിരുന്നു. അടിയന്തിര ഘട്ടങ്ങളിൽ മാത്രമേ ഇത്തരം ലാൻഡിങ്ങിന് അനുമതി നൽകാറുള്ളൂ. ലാൻഡിങ് ഗിയറുകൾ തുറക്കാതെ വിമാനം ലാൻഡ് ചെയ്യിക്കുന്ന രീതിയാണ് ബെല്ലി ലാൻഡിങ്. ഇവ റൺവേയിൽ നിന്നും മാറി, ഇരുവശത്തുമായുള്ള പുല്ലുകൾ നിറഞ്ഞ പ്രദേശത്തും മറ്റുമായി ഹാർഡ് ലാൻഡിംഗ് ചെയ്യിക്കുന്ന രീതിയാണ്. ഈ ലാൻഡിങ് രീതിയിൽ വിമാനത്തിന് കേടുപാടുകൾ സംഭവിക്കാനും അതുവഴി അപകടമുണ്ടാകാനും സാധ്യതയുണ്ട്. എന്നാൽ അവ ആവശ്യമായി വന്നില്ല എന്നത് ട്രിച്ചിയിൽ ആശ്വാസമായി.

ഹൈഡ്രോളിക്ക് തകരാറുകൾ മൂലം വിമാനത്തിന് പ്രശ്നങ്ങൾ വരുന്നത് ആദ്യമായല്ല. രണ്ട് വർഷം മുൻപ് നെടുമ്പാശ്ശേരി വിമാനത്താവളത്തിനും ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തെ അഭിമുഖീകരിക്കേണ്ടിവന്നിരുന്നു. 2022 ജൂൺ 15നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിനെ മുൾമുനയിൽ നിർത്തിയ ആ സംഭവമുണ്ടാകുന്നത്. എയർ അറേബ്യ G9-426 വിമാനത്തിന് ഹൈഡ്രോളിക്ക് സംവിധാനത്തിന്റെ തകരാർ മൂലം ലാൻഡ് ചെയ്യാൻ സാധിക്കാതെ വന്നു. രാത്രി 7.13നാണ് വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ അതിന് തയ്യാറെടുക്കുമ്പോളാണ് ഇത്തരമൊരു തകരാർ പൈലറ്റിന്റെ ശ്രദ്ധയിൽപെട്ടത്.

വൈകുന്നേരം ആറരയോടെ തകരാർ ശ്രദ്ധയിൽപെട്ട പൈലറ്റ് ഉടൻ വിമാനത്താവളത്തിലെ എയർ ട്രാഫിക്ക് കൺട്രോളറെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ എമർജൻസി ലാൻഡിങ്ങിന് ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച് വിമാനത്താവള അധികൃതർ അടിയന്തിര സാഹചര്യങ്ങൾ നേരിടാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുകയും വിമാനത്താവള പ്രദേശത്ത് അടിയന്തിരാവസ്ഥ ഏർപ്പെടുത്തുകയും ചെയ്തു.

വിമാനത്തിന്റെ സുരക്ഷിത ലാൻഡിങ്ങിനായി റൺവെയിലെ നിരവധി വിമാനങ്ങൾ അധികൃതർ മാറ്റിയിട്ടു. ലാൻഡിങ്ങിനായി കാത്തുകിടന്ന രണ്ട് വിമാനങ്ങളെ വഴിതിരിച്ചുവിടുകയും ചെയ്തു. ആംബുലൻസുകൾ, അഗ്നിശമന സേന, സിഐഎസ്എഫ് തുടങ്ങിയ സംവിധാനങ്ങളെല്ലാം വിമാനത്താവളത്തിന് പുറത്ത് അധികൃതർ സജ്ജമാക്കിയിരുന്നു. 7.13ന് ലാൻഡ് ചെയ്യേണ്ടിയിരിക്കുന്ന വിമാനം പത്ത് മിനുട്ടോളം ആകാശത്ത് വട്ടമിട്ടു പറന്ന ശേഷം 7.29ന് ലാൻഡ് ചെയ്തു.

നെഞ്ചിടിപ്പോടെയാണ് ഈ നിമിഷങ്ങളെ വിമാനത്താവള അധികൃതർ നേരിട്ടത്. 222 യാത്രക്കാരായിരുന്നു അന്ന് ആ വിമാനത്തിലുണ്ടായിരുന്നത്. എന്തെങ്കിലും ഒരു പിഴവ് സംഭവിച്ചാൽ അത്രയും ജീവൻ തന്നെ അപകടത്തിലാകുമായിരുന്നു. എന്നാൽ അടിയന്തിര ലാൻഡിങ് സുരക്ഷിതമായി നടന്നതോടെ യാത്രക്കാരും വിമാനത്താവള അധികൃതരും ഹാപ്പി. ശേഷം അധികൃതർ വിമാനത്താവളത്തിലെ അടിയന്തിരാവസ്ഥ പിൻവലിക്കുകയും വിമാന സർവീസുകൾ സാധാരണ നിലയിലാക്കുകയും ചെയ്തു.

Content Highlights: belly landing was granted to flight on emergency

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us