ഇന്ദോര്‍: നരഹത്യാക്കേസിലെ നിര്‍ണായക തെളിവുകള്‍ അടക്കം എലി നശിപ്പിച്ച സംഭവത്തില്‍ ഇന്‍ഡോര്‍ പൊലീസിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് മധ്യപ്രദേശ് ഹൈക്കോടതി. പൊലീസ് സ്റ്റേഷനിലെ ദയനീയ അവസ്ഥയാണ് ഈ സംഭവം കാണിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത വസ്തുക്കള്‍ സംരക്ഷിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജാഗ്രത കാണിക്കണമായിരുന്നുവെന്നും ജസ്റ്റിസ് സുബോധ് അഭ്യങ്കര്‍ പറഞ്ഞു.
ഇന്‍ഡോറിലെ തിരക്കുള്ള പൊലീസ് സ്റ്റേഷനിലെ അവസ്ഥ ഇതാണെങ്കില്‍ മറ്റ് പൊലീസ് സ്റ്റേഷനുകളിലെ സ്ഥിതി എന്താണെന്ന് ഊഹിക്കാന്‍ സാധിക്കുമെന്നും കോടതി പറഞ്ഞു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. നിര്‍ണായക തെളിവുകള്‍ സൂക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും ജഡ്ജി ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നല്‍കി.
2021ല്‍ ഭാര്യയെ മര്‍ദിച്ചുകൊന്ന പരാതിയില്‍ യുവാവിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. കേസിലെ നിര്‍ണായക തെളിവുകളും 29-ഓളം സാമ്പിളുകളുമായിരുന്നു എലി നശിപ്പിച്ചത്. അന്‍സാദ് അഹ്‌മദ് എന്ന യുവാവാണ് ഭാര്യ താഹിറയെ മര്‍ദിച്ച് കൊന്നത്. ഭര്‍ത്താവിന്റെ മര്‍ദനത്തില്‍ താഹിറയുടെ തലയ്ക്കും കൈയ്ക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു. ചികിത്സയ്ക്കിടെയാണ് താഹിറ മരണപ്പെട്ടത്.
Content Highlights- Court pulls up Indore police as rats wreck evidence in murder case