ജമ്മു കശ്മീര്‍ സര്‍ക്കാര്‍ രൂപീകരണം; ഒമര്‍ അബ്ദുള്ള നാളെ ലെഫ്റ്റനന്റ് ഗവര്‍ണറെ കാണും

കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ആരെന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു

dot image

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അനുമതി തേടി നിയുക്ത മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നാളെ ലെഫ്റ്റനന്റ് ഗവര്‍ണറെ കാണും. കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണക്കത്ത് നാഷണല്‍ കോണ്‍ഫറന്‍സിന് കൈമാറി. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ആരെന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു.

ശ്രീനഗറില്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗം ഇത് സംബന്ധിച്ച പ്രമേയം പാസാക്കുകയായിരുന്നു. കശ്മീരിലെ ഏക എഎപി എംഎല്‍എ പിന്തുണ പ്രഖ്യാപിച്ചതോടെ ഇന്ത്യ സഖ്യത്തിന്റെ അംഗബലം 54ആയി ഉയര്‍ന്നു. അതിനിടെ സര്‍ക്കാരിനൊപ്പം ചേരില്ലെന്നും പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും ഇല്‍തിജ മുഫ്തി അറിയിച്ചു. സിപിഎം എംഎല്‍എ യൂസുഫ് തരിഗാമിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് സൂചനയുണ്ട്. അതേസമയം നാഷണല്‍ കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടാല്‍ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി.

ജമ്മു കശ്മീരില്‍ പത്ത് വര്‍ഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യമാണ് ലീഡ് നിലനിര്‍ത്തിയത്. 90 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷം മറികടന്ന് 52 സീറ്റിലാണ് സഖ്യത്തിന്റെ ലീഡ്. മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പിഡിപി രണ്ട് സീറ്റുകളിലേക്ക് ഒതുങ്ങി. ജമ്മു കശ്മീരിലേത് ജനാധിപത്യത്തിന്റെ വിജയമാണെന്നായിരുന്നു ഫലപ്രഖ്യാപനത്തിന് പിന്നാലെ നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ളയുടെ പ്രതികരണം.

Content Highlight: Formation of Jammu and Kashmir Government Omar Abdullah will meet the Lt Governor tomorrow

dot image
To advertise here,contact us
dot image