ന്യൂഡല്‍ഹി: ഗുസ്തി താരവും കോണ്‍ഗ്രസ് നേതാവുമായ വിനേഷ് ഫോഗട്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ. ഒരു കായികതാരം ഇങ്ങനെ കളവ് പറയുന്നത് താന്‍ കണ്ടിട്ടില്ലെന്നും വിനേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമാണെന്നും പി ടി ഉഷ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ പോയ വിനേഷിന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയില്‍ താന്‍ ഒന്നും ചെയ്തില്ലെന്നാണ് ആരോപണം. എന്നാല്‍ തനിക്ക് കഴിയുന്നതെല്ലാം ചെയ്തിരുന്നുവെന്ന് പി ടി ഉഷ പറഞ്ഞു.
ഫോട്ടോഷൂട്ടിനാണ് താന്‍ ആശുപത്രിയില്‍ എത്തിയതെന്നാണ് ആരോപിക്കുന്നത്. എന്നാല്‍ ആ ഫോട്ടോ എടുത്തത് താനല്ലെന്ന് പി ടി ഉഷ പറഞ്ഞു. അത് വേറെ ആളുകള്‍ എടുത്ത ചിത്രമാണ്. വിനേഷ് ഫോഗട്ടിന്റെ കൂടെ ഫോട്ടോ എടുത്തിട്ട് തനിക്ക് എന്ത് നേട്ടമുണ്ടാക്കാനാണ്?. അല്ലാതെ തനിക്ക് പേരില്ലേ?. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമാണെന്നും പി ടി ഉഷ പറഞ്ഞു.
ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ വിനേഷിനൊപ്പം ഭര്‍ത്താവ് അടക്കം നാലോ അഞ്ചോ പേരെ അയച്ചിരുന്നുവെന്ന് പി ടി ഉഷ പറഞ്ഞു. അവിടെയെന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം കൂടെ പോയവര്‍ക്കാണെന്നും പി ടി ഉഷ പറഞ്ഞു. ആശുപത്രിയില്‍ പോകാതിരിക്കാന്‍ വിനേഷ് ഫോഗട്ട് ശ്രമിച്ചുവെന്നും പി ടി ഉഷ ആരോപിച്ചു. നിര്‍ജലീകരണം സംഭവിക്കുമെന്ന് താന്‍ പറഞ്ഞു. നിര്‍ബന്ധിച്ചാണ് തങ്ങള്‍ അവളെ ആശുപത്രിയില്‍ എത്തിച്ചത്. വിനേഷിനെ രക്ഷിച്ചത് തങ്ങളാണ്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്ത് താന്‍ ഇരുന്നതുകൊണ്ടാണ് വിനേഷിന് സഹായം ലഭിച്ചത്. പ്രധാനമന്ത്രി വിളിച്ചിട്ട് പോലും അവള്‍ ഫോണ്‍ എടുത്തിട്ടില്ലെന്നും പി ടി ഉഷ പറഞ്ഞു. വിനേഷിന് മെഡല്‍ നഷ്ടപ്പെട്ടു എന്നല്ല, ഇന്ത്യക്ക് മെഡല്‍ നഷ്ടപ്പെട്ടു എന്നാണ് പറയേണ്ടത്. മെഡല്‍ നഷ്ടപ്പെട്ടതില്‍ ഏതൊരു ഇന്ത്യക്കാരനെയും പോലെ തനിക്ക് വിഷമമുണ്ടെന്നും പി ടി ഉഷ പറഞ്ഞു.
ഹരിയാനയില്‍ വിനേഷ് ഫോഗട്ടും മറ്റ് ഗുസ്തി താരങ്ങളും നടത്തിയ സമരം പ്രഹസനമാണെന്ന് ജനം മനസിലാക്കിയെന്നും പി ടി ഉഷ പറഞ്ഞു. ഗുസ്തി താരങ്ങളുടെ സമരം ഹരിയാനയില്‍ ഒരു ചലനവും ഉണ്ടാക്കിയില്ല. ബിജെപി ഹരിയാന തൂത്തുവാരി. വിനേഷ് ഫോഗട്ട് ചെയ്തത് വലിയ സംഭവമായിരുന്നെങ്കില്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് ജയിക്കുമായിരുന്നു. വിനേഷ് ഫോഗട്ടിന്റെ ജയം ചെറിയ ഭൂരിപക്ഷത്തിനാണ്. ജനങ്ങള്‍ പൊട്ടന്‍മാരല്ല എന്ന് മനസിലാക്കണമെന്നും പി ടി ഉഷ പറഞ്ഞു. അതേസമയം കായിക താരമെന്ന നിലയില്‍ വിനേഷ് ഫോഗട്ട് ജയിച്ചതില്‍ സന്തോഷമുണ്ടെന്നും പി ടി ഉഷ പറഞ്ഞു.
Content Highlights: PT Usha against wrestler Vinesh Phogat