വ്യാജ അവിശ്വാസ പ്രമേയ നീക്കം; കല്യാണ്‍ ചൗബേയ്‌ക്കെതിരെ നടപടിക്ക് പി ടി ഉഷ; പുറത്താക്കിയേക്കും

സംഘടനയുടെ ഭരണഘടന പാലിച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നാണ് പി ടി ഉഷ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്

dot image

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷയ്‌ക്കെതിരെ വ്യാജ അവിശ്വാസ പ്രമേയ നീക്കം നടത്തിയ മുന്‍ ആക്ടിങ് സിഒഎ കല്യാണ്‍ ചൗബേയ്‌ക്കെതിരെ നടപടിക്ക് സാധ്യത. കല്യാണ്‍ ചൗബേയെ പുറത്താക്കാന്‍ പി ടി ഉഷ നീക്കം തുടങ്ങിയതായാണ് വിവരം. സംഘടനയുടെ ഭരണഘടന പാലിച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നാണ് പി ടി ഉഷ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ മാസം 25 ന് ചേരുന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ കല്യാണ്‍ ചൗബേയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം.

പി ടി ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും അക്കാര്യം 25 ന് ചേരുന്ന പ്രത്യേക ഐഒഎ യോഗത്തിന്റെ പ്രധാന അജണ്ടയാണെന്നും വ്യക്തമാക്കി കല്യാണ്‍ ചൗബേയാണ് രംഗത്തെത്തിയത്. ഇതിന് പിന്നാലെ പതിനഞ്ചംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ പന്ത്രണ്ട് പേര്‍ പി ടി ഉഷയ്‌ക്കെതിരാണെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നു. എന്നാല്‍ ആരോപണങ്ങള്‍ പി ടി ഉഷ നിഷേധിച്ചു. തനിക്കെതിരെ അസോസിയേഷനില്‍ ഒരു അവിശ്വാസവും അവതരിപ്പിക്കെന്നും താന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയില്ലെന്നുമാണ് പി ടി ഉഷ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചത്. തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നത് അഴിമതിക്കാരാണെന്നും പി ടി ഉഷ പറഞ്ഞിരുന്നു.

ഐ ഒ എയുടെ ഭരണഘടന ലംഘിച്ചതായാണ് പി ടി ഉഷയ്‌ക്കെതിരെ ഐ ഒ എ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. ഇതിന് പുറമേ കായിക മേഖലയ്ക്ക് ഹാനികരമാകുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉഷ ചെയ്തതായും ഒളിമ്പിക് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആരോപിക്കുന്നു. പാരീസ് ഒളിമ്പിക്സിലെ ഹോസ്പിറ്റാലിറ്റി ലോഞ്ചുമായി ബന്ധപ്പെട്ട് റിലയന്‍സുമായുള്ള കരാറില്‍ സി എ ജി ഉഷയ്ക്ക് നേരെ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. റിലയന്‍സിനെ ഉഷ വഴിവിട്ട് സഹായിച്ചെന്നും ഇതുമൂലം ഐഒഎയ്ക്ക് 24 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് സി എ ജിയുടെ ആരോപണം. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നീക്കം നടത്തുന്നുവെന്ന വാര്‍ത്ത പി ടി ഉഷയ്ക്ക് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി കടുപ്പിക്കാന്‍ പി ടി ഉഷ തീരുമാനിച്ചത്.

Content highlights- p t usha decide to take action against kalyan chaubey

dot image
To advertise here,contact us
dot image