മുംബൈ: മഹാരാഷ്ട്രയിൽ ആയുധ പരിശീലനം നടത്തുന്നതിനിടെ രണ്ട് അഗ്നിവീറുകൾ കൊല്ലപ്പെട്ടു. ഷെൽ പൊട്ടിത്തെറിച്ചായിരുന്നു അപകടം. നാസിക്കിലെ സേന താവളത്തിലായിരുന്നു സംഭവം. ഹൈദരാബാദ് സ്വദേശികളായ ഗോഹിൽ വിശ്വരാജ് സിങ് (20), സെയ്ഫത് ഷിറ്റ് (21) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ചയായിരുന്നു സംഭവം. അഗ്നിവീറുകൾക്കായി പരിശീലനം നടത്തുന്നതിനിടെ ഷെൽ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഗ്നിവീറുകൾ മരിച്ച സംഭവത്തെ അപലപിക്കുന്നുവെന്നും കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും സൈന്യത്തിന്റെ സതേൺ കമാൻഡ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
അതേസമയം സംഭവത്തിൽ വിശദ പരിശോധനയ്ക്കായി സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 2022 ജൂണിലാണ് കേന്ദ്ര സർക്കാർ അഗ്നിവീർ പദ്ധതിക്ക് തുടക്കമിട്ടത്. പ്രതിരോധ സേനകളിൽ നാലു വർഷത്തെ ഹ്രസ്വകാല നിയമനത്തിനു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതാണ് അഗ്നിപഥ് പദ്ധതി.
Content Highlight: Two agniveers died after shell blast during training in Maharashtra