ന്യൂഡൽഹി: ജനങ്ങളെ സേവിക്കാൻ ആം ആദ്മി പാർട്ടി പിന്തുടരുന്നത് രാമ രാജ്യമെന്ന ആശയമാണെന്ന് മുൻ ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ. ഒരു കുട്ടിക്കും വിദ്യാഭ്യാസമില്ലാതിരിക്കുകയോ ഒരു പൗരനും ശരിയായ ചികിത്സ നിഷേധിക്കപ്പെടുകയോ ഉണ്ടാകില്ലെന്നതാണ് രാമ രാജ്യത്തിന്റെ ആശയമെന്നും അദ്ദേഹം പറഞ്ഞു.ഈസ്റ്റ് ഡൽഹിയിലെ മയൂർ വിഹാറിൽ നടന്ന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
എല്ലാവർക്കും തുല്യ നീതി ഉറപ്പാക്കുന്ന ശ്രീരാമന്റെ ആശയം പിന്തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'രാജ്യത്തിന്റെയും ഹിന്ദുത്വത്തിന്റെയും ആശയങ്ങൾ പ്രതിഫലിക്കുന്ന ശ്രീരാമന്റെ ജീവിതത്തിൽ നിന്നും നമുക്ക് ഒരുപാട് പാഠങ്ങൾ ഉൾക്കൊള്ളാനുണ്ട്. ഈ പാഠങ്ങൾ നമ്മൾ നമ്മുടെ കുട്ടികളിലേക്കും പകർന്നു നൽകണം,' കെജ്‌രിവാൾ പറഞ്ഞു.
നേരത്തെ ആം ആദ്മി പാർട്ടി രാമ രാജ്യ വെബ്സൈറ്റ് പുറത്തിറക്കിയിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണം മുൻ നിർത്തിയായിരുന്നു എഎപിയുടെ നീക്കം. രാമരാജ്യം എന്ന ആശയത്തിൽ നിന്നും പാർട്ടി സ്വീകരിച്ച നടപടികൾ മുൻനിർത്തിയാണ് വെബ്സൈറ്റ്. രാമരാജ്യം സ്ഥാപിക്കുന്നതിൽ ശ്രീരാമന് നിരവധി പ്രതിസന്ധികളെ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്. അരവിന്ദ് കെജ്‌രിവാളിനും ജനങ്ങളെ സേവിക്കുന്നതിന് നിരവധി പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി അതിഷി പറഞ്ഞിരുന്നു.
Content Highlight: AAP follows the path of ram rajya sasys Arvind Kejriwal