ഡല്‍ഹി: ആക്ടിവിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകനുമായ ജി എന്‍ സായിബാബ അന്തരിച്ചു. ഹൈദരാബാദില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകനാണ്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നാഗ്പൂർ സെൻട്രൽ ജയിലിൽ പത്ത് വർഷത്തോളം തടവിലായിരുന്നു.
2003ലാണ് ജി എന്‍ സായിബാബ ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള രാം ലാല്‍ ആനന്ദ് കോളേജില്‍ ഇംഗ്ലീഷ് പ്രൊഫസറായി പ്രവേശിക്കുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ 2014 ല്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മാവോയിസ്റ്റ് ബന്ധം സാധൂകരിക്കുന്ന പുസ്തകങ്ങളും പെന്‍ഡ്രൈവുകളും സായിബാബയുടെ മുറിയില്‍ നിന്ന് കിട്ടിയെന്നായിരുന്നു പൊലീസ് വാദം. തുടര്‍ന്ന് യുഎപിഎ വകുപ്പ് ചുമത്തി. കുറ്റകൃത്യങ്ങള്‍ സെഷന്‍സ് കോടതിക്ക് കീഴിലായതിനാല്‍ മജിസ്‌ട്രേറ്റ് കോടതി കേസ് സെഷന്‍സ് കോടതിയെ ഏല്‍പ്പിച്ചു. തുടര്‍ന്നായിരുന്നു അറസ്റ്റ്.
സായിബാബയും മഹേഷ് തിര്‍ക്കി, പാണ്ഡു നരോട്, ഹേം മിശ്ര, പ്രശാന്ത് രഹി, വിജയ് തിര്‍ക്കി എന്നിവര്‍ക്ക് മാവോയിസ്റ്റ് ബന്ധവും രാജ്യത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്നും 2017ല്‍ മാര്‍ച്ചില്‍ മഹാരാഷ്ട്ര സെഷന്‍സ് കോടതി ആരോപിച്ചു. യുഎപിഎയും ഇന്ത്യന്‍ ശിക്ഷാ നിയമവും പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ സായ്ബാബ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയായിരുന്നു.
പിന്നീട് പത്തുവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് സായിബാബ പുറത്തിറങ്ങിയത്. പോളിയോ ബാധിച്ച് ശരീരത്തിന്റെ 90 ശതമാനവും തളര്‍ന്ന് ചക്രക്കസേരയുടെ സഹായത്തോടെ ജീവിക്കുന്ന സായിബാബ, 2014-ല്‍ അറസ്റ്റിലായത് മുതല്‍ നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്നു. ഏകാന്ത തടവുകാരെ താമസിപ്പിക്കുന്ന അതിസുരക്ഷാ ലോക്കപ്പായ അണ്ഡാ സെല്ലിലായിരുന്നു അദ്ദേഹം.
ഹൈക്കോടതി കുറ്റവിമുക്തനാക്കിയെങ്കിലും സുപ്രീം കോടതി ആ ഉത്തരവ് സ്റ്റേ ചെയ്തതിനാല്‍ സായിബാബയ്ക്ക് ജയില്‍ മോചിതനാകാന്‍ സാധിച്ചിരുന്നില്ല. ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് വീണ്ടും വാദം കേട്ടാണ് സായിബാബ അടക്കമുള്ളവരെ വെറുതേവിട്ടത്. വിധി സ്റ്റേചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളിയതോടെയാണ് സായിബാബയ്ക്ക് ജയില്‍ മോചനം സാധ്യമായത്.
1967ല്‍ ആന്ധ്രയിലെ അമലാപുരത്തെ കാര്‍ഷിക കുടുംബത്തിലായിരുന്നു സായ്ബാബ ജനിച്ചത്. അഞ്ചാം വയസില്‍ തന്നെ പോളിയോ ബാധിച്ച് വീല്‍ച്ചെയറിലായിരുന്നു അദ്ദേഹത്തിന്റെ ബാക്കി ജീവിതം. ഹൈദരാബാദ് സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.
എന്നാൽ ആരോഗ്യ പ്രശ്‌നങ്ങളൊന്നും വകവെയ്ക്കാതെ സായിബാബ സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു.
ഓള്‍ ഇന്ത്യ പീപ്പിള്‍സ് റസിസ്റ്റന്‍സ് ഫോറത്തിലെ സജീവ പ്രവര്‍ത്തകനായിരുന്നു. റെവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സിപിഐ മാവോയിസ്റ്റ് അനുഭാവമുള്ള പാര്‍ട്ടിയിലും നക്‌സലേറ്റുകള്‍ക്കെതിരെയുള്ള ഓപ്പറേഷന്‍ ഗ്രീന്‍ഹണ്ടിനെതിരെയുള്ള കാമ്പയിനിലും സജീവമായിരുന്നു.
Content Highlight: Activist G N Saibaba passed away