'മദ്രസകൾക്കുള്ള സംസ്ഥാന സഹായം നിർത്തലാക്കണം'; ശുപാർശയുമായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ

'ഔപചാരിക വിദ്യാഭ്യാസത്തിൻ്റെ ചെലവിൽ മതവിദ്യാഭ്യാസം നടത്താൻ കഴിയില്ലെ'ന്ന് റിപ്പോർട്ട് ഊന്നിപറയുന്നുണ്ട്

dot image

ന്യൂഡൽഹി: മദ്രസകളുടെ പ്രവർത്തനത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ രേഖപ്പെടുത്തി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (NCPCR). വിദ്യാഭ്യാസ അവകാശ നിയമം അനുസരിക്കുന്നില്ലെങ്കിൽ അവയ്‌ക്കുള്ള സംസ്ഥാന ധനസഹായം നിർത്താനും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. 'വിശ്വാസത്തിൻ്റെ സംരക്ഷകരോ അവകാശങ്ങളെ അടിച്ചമർത്തുന്നവരോ?' എന്ന തലക്കെട്ടിലുള്ള ഏറ്റവും പുതിയ റിപ്പോർട്ടിലാണ് എൻസിപിസിആർ രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്.

2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തിൻ്റെ (RTE) പരിധിക്ക് പുറത്ത് പ്രവർത്തിക്കുന്ന മതസ്ഥാപനങ്ങൾ പ്രതികൂലമായ പ്രത്യാഘാതമുണ്ടാക്കി. മദ്രസകളെ ആർടിഇ നിയമത്തിൽ നിന്ന് ഒഴിവാക്കിയത് ഈ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നഷ്ടപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 29ഉം 30ഉം ന്യൂനപക്ഷങ്ങൾക്ക് അവരുടെ സംസ്കാരം സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനുമുള്ള അവകാശങ്ങൾ നൽകുന്നുണ്ട്. എന്നാൽ ഈ വ്യവസ്ഥകൾ മദ്രസകളിലെ കുട്ടികളോടുള്ള വിവേചനത്തിനും വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്ന ഔപചാരിക വിദ്യാഭ്യാസം നഷ്‌ടപ്പെടുത്തുന്നതിനുമുള്ള കാരണമായെന്നാണ് എൻസിപിസിആർ റിപ്പോർട്ടിലെ വാദം.

മദ്രസകളുടെ പ്രാഥമിക ലക്ഷ്യം മതവിദ്യാഭ്യാസമാണെങ്കിലും, ഔപചാരിക വിദ്യാഭ്യാസത്തിൻ്റെ അവശ്യ ഘടകങ്ങളായ മതിയായ അടിസ്ഥാന സൗകര്യങ്ങൾ, പരിശീലനം ലഭിച്ച അധ്യാപകർ, ശരിയായ അക്കാദമിക പാഠ്യപദ്ധതികൾ എന്നിവ പല മദ്രസകളും നൽകുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. മദ്രസ വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ, യൂണിഫോം, ഉച്ചഭക്ഷണ പദ്ധതി തുടങ്ങിയ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെട്ട സംഭവങ്ങളും റിപ്പോർട്ട് എടുത്ത് പറയുന്നുണ്ട്. 1.2 കോടി മുസ്ലീം കുട്ടികൾ സ്കൂകളിൽ എത്തുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 1.2 കോടി മുസ്ലീം കുട്ടികൾ ഔപചാരിക വിദ്യാഭ്യാസം സ്വീകരിക്കുന്നില്ലെന്ന് UDISE 2021-22 കണക്കുകളെ ഉദ്ധരിച്ച് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

പല മദ്രസകളിലും ഉത്തരവാദിത്വത്തിൻ്റെ അഭാവമുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മോശം അടിസ്ഥാന സൗകര്യങ്ങളും ശാരീരിക സുരക്ഷാ പ്രശ്‌നങ്ങളും പോലുള്ള ബാലാവകാശ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചൂണ്ടിക്കാണിക്കുന്നു. വിദ്യാഭ്യാസ അവകാശ നിയമം അനുസരിക്കുന്നില്ലെങ്കിൽ മദ്രസകൾക്കും മദ്രസ ബോർഡുകൾക്കും സംസ്ഥാനങ്ങൾ ധനസഹായം നൽകുന്നത് നിർത്തലാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. മതപരമായ പ്രബോധനം അടിച്ചേൽപ്പിക്കുന്നത് തടയുന്ന ഭരണഘടനയുടെ 28-ാം അനുച്ഛേദം ലംഘിക്കുന്നതിനാൽ മുസ്ലീം ഇതര വിഭാഗങ്ങളിലെ കുട്ടികളെ മദ്രസകളിൽ നിന്ന് മാറ്റണമെന്നും എൻസിപിസിആർ റിപ്പോർട്ട് ശുപാർശ ചെയ്തിട്ടുണ്ട്.

മതപരവും ഔപചാരികവുമായ വിദ്യാഭ്യാസം ഒരേ സ്ഥാപനത്തിനുള്ളിൽ ഒരുപോലെ നൽകാൻ കഴിയുന്ന സമതുലിതമായ സമീപനമാണ് കമ്മീഷൻ്റെ റിപ്പോർട്ട് ആവശ്യപ്പെടുന്നത്. 'ഔപചാരിക വിദ്യാഭ്യാസത്തിൻ്റെ ചെലവിൽ മതവിദ്യാഭ്യാസം നടത്താൻ കഴിയില്ലെ'ന്ന് റിപ്പോർട്ട് ഊന്നിപറയുന്നുണ്ട്. സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള എല്ലാ കുട്ടികളുടെയും മൗലികാവകാശത്തിന് മുൻഗണന നൽകണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us