മുംബൈ: യഥാര്‍ത്ഥ ശിവസേനക്കാര്‍ പ്രത്യയശാസ്ത്രത്തില്‍ നിന്ന് വ്യതിചലിക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. ആസാദ് മൈദാനില്‍ നടന്ന ദസറ പരിപാടിക്കിടയില്‍ ഉദ്ധവ് താക്കറെയെ പരിഹസിച്ച് സംസാരിക്കുകയായിരുന്നു ഷിന്‍ഡെ. തങ്ങള്‍ ഹിന്ദുവാണെന്ന മുദ്രാവാക്യം താക്കറെ നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ഇത് പറയാന്‍ ചിലര്‍ക്ക് ഇപ്പോള്‍ മടിയാണെന്നും അദ്ദേഹം പറഞ്ഞു. ഈ മുദ്രാവാക്യങ്ങള്‍ പറയാന്‍ തങ്ങള്‍ക്ക് അഭിമാനമേയുള്ളുവെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.
2022ല്‍ മഹാ വികാസ് അഘാഡി സഖ്യത്തില്‍ നിന്നും പുറത്ത് വന്നതോടെ താന്‍ ശിവസേനയെ സ്വതന്ത്രമാക്കിയെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു. 'നമ്മുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇത് തകരുമെന്ന് അവര്‍ മുന്നറിയിപ്പ് തന്നു കൊണ്ടിരുന്നു. എന്നാല്‍ ഈ ഏക്‌നാഥ് ഷിന്‍ഡെ മാത്രം മതിയായിരുന്നു അവര്‍ക്ക്. നാം ഇത്തരമൊരു തീരുമാനമെടുത്തിരുന്നില്ലെങ്കില്‍ ശിവ സേനക്കാര്‍ അധപതിക്കുമായിരുന്നു. അധികാരത്തില്‍ വന്നതിന് ശേഷം നിക്ഷേപങ്ങളിലും നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളിലും മഹാരാഷ്ട്ര ഒന്നാമതാണ്', ഷിന്‍ഡെ പറഞ്ഞു.
2022ലാണ് ശിവസേനയില്‍ ഉദ്ധവ് താക്കറേയുടെയും ഏക്‌നാഥ് ഷിന്‍ഡെയുടെയും രണ്ട് വിഭാഗങ്ങള്‍ ഉയര്‍ന്നുവന്നത്. ഷിന്‍ഡെയുടെ അട്ടിമറി മഹാവികാസ് അഘാഡി സര്‍ക്കാരിന്റെയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെയും പതനത്തിലേക്ക് നയിച്ചു. തുടര്‍ന്ന് ബിജെപിയുടെ പിന്തുണയോടെ ഷിന്‍ഡെ മുഖ്യമന്ത്രിയാകുകയായിരുന്നു.
Content Highlights: Eknath Shinde says True Shiv Sainiks don't leave ideology