ബിസിനസ് ലോകത്തെ അതികായനായ രത്തന്‍ ടാറ്റയുടെ മരണം ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ വലിയ നഷ്ടമായാണ് കണക്കാക്കുന്നത്. ടാറ്റയെ അനുസ്മരിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ബിസിനസുകാരന് ആദരാഞ്ജലി അര്‍പ്പിച്ച് കായികതാരങ്ങളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ടാറ്റയുടെ മരണത്തിന് പിന്നാലെ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എം എസ് ധോണിക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ്മ, നീരജ് ചോപ്ര, ഇര്‍ഫാന്‍ പത്താന്‍, കെവിന്‍ പീറ്റേഴ്‌സണ്‍ എന്നിവരടക്കമുള്ള കായികതാരങ്ങള്‍ രത്തൻ ടാറ്റയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. എന്നാല്‍ എം എസ് ധോണി ടാറ്റയുടെ മരണത്തില്‍ ഒരു പ്രതികരണവും അറിയിച്ചിട്ടില്ല. ടാറ്റ ഗ്രൂപ്പിന് വേണ്ടി മുന്‍പ് കളിച്ചിട്ടുള്ള താരമായ ധോണി രത്തന്‍ ടാറ്റയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഒരു സന്ദേശം പോലും പങ്കുവെച്ചിട്ടില്ലെന്നതാണ് വിമര്‍ശനത്തിന് കാരണം.
ഒട്ടുമിക്ക എല്ലാ ബിസിനസ് മേഖലകളിലും കൈവെച്ചിട്ടുള്ള രത്തന്‍ ടാറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെയും ഐപിഎല്ലിനെയും ഒരുപാട് സഹായിച്ചിട്ടുണ്ട്. ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ അപ്രതീക്ഷിതമായി പിന്‍വാങ്ങിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സ്‌പോണ്‍സറെ തിരയുമ്പോള്‍ ടൂര്‍ണമെന്റിന്റെ രക്ഷയ്‌ക്കെത്തിയത് ടാറ്റയായിരുന്നു.
ധോണിയുടെ കരിയറിലും രത്തന്‍ ടാറ്റ ചെറുതല്ലാത്ത സ്വാധീനം ചെലുത്തിയിട്ടുണ്ട്. ടാറ്റാ ഗ്രൂപ്പിനായി നിരവധി ടൂര്‍ണമെന്റുകള്‍ കളിച്ചിട്ടുള്ള താരമാണ് എംഎസ് ധോണി. ടാറ്റാ ഗ്രൂപ്പുമായി ധോണി സാമ്പത്തികമായും വളരെ നല്ല ബന്ധം പുലര്‍ത്തിയിട്ടുണ്ട്. 2011 ഏകദിന ലോകകപ്പില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതിന് ശേഷം ധോണിയെ എയര്‍ ഇന്ത്യ മാനേജര്‍ തസ്തികയിലേക്ക് ഉയര്‍ത്തിയിരുന്നു. ബിസിസിഐ കോര്‍പ്പറേറ്റ് ട്രോഫിയില്‍ ധോണി എയര്‍ ഇന്ത്യക്ക് വേണ്ടി കളിച്ചെങ്കിലും 2013ല്‍ കമ്പനി വിടുകയായിരുന്നു.
ഇത്രയും അടുത്ത് ബന്ധം പുലര്‍ത്തിയിരുന്ന ടാറ്റയുടെ മരണത്തില്‍ ദുഃഖം പങ്കുവെച്ച് ധോണി ഒരു പോസ്റ്റ് പോലും ചെയ്തില്ല എന്നതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒട്ടും സജീവമല്ലാത്ത താരമാണ് ധോണി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സാന്നിധ്യം അറിയിക്കുന്നതിന് പകരം വ്യക്തിപരമായി സന്ദേശങ്ങള്‍ അയക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് ധോണി മുന്‍പും പറഞ്ഞിട്ടുള്ളതാണ്.
എന്നാല്‍ അംബാനിക്കല്യാണത്തിന് ആശംസകള്‍ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ പോസ്റ്റ് പങ്കുവെച്ച ധോണി എന്തുകൊണ്ട് രത്തന്‍ ടാറ്റയ്ക്ക് വേണ്ടി ഒരു സ്റ്റോറി പോലും ഇടുന്നില്ല എന്നാണ് ആരാധകർ ചോദിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ധനികനും റിലയൻസ് ഇൻഡസ്ട്രീസ് മേധാവിയുമായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്‍റിന്‍റെയും അത്യാഢംബര വിവാഹത്തിലെ എല്ലാ ചടങ്ങുകളിലും ധോണി കുടുംബസമേതം സജീവമായി പങ്കെടുത്തിരുന്നു. അനന്ത് അംബാനിയുടെയും രാധിക മർച്ചന്‍റിന്‍റെയും വിവാഹത്തിന് മംഗളാശംസകള്‍ നേർന്ന് സോഷ്യല്‍ മീഡിയയില്‍ നീണ്ട പാരഗ്രാഫ് ധോണി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
Content Highlights: Fans troll MS Dhoni for not posting condolence message on Ratan Tata’s death