ഭരണകൂട അടിച്ചമര്‍ത്തലുകളിലൊന്നും തളര്‍ന്നില്ല, സായിബാബാ, നിങ്ങള്‍ ജീവനുള്ള അഗ്നിനാളം: മീന കന്തസ്വാമി

സായിബാബയുടെ ആവേശകരമായ പോരാട്ടം മായാതെ നിലനില്‍ക്കുമെന്ന് മീന കന്തസ്വാമി

dot image

ഡല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പ്രൊഫസര്‍ ജി എന്‍ സായിബാബയ്ക്ക് അനുശോചനമറിയിച്ച് എഴുത്തുകാരി ഡോ. മീന കന്തസ്വാമി. സായിബാബയ്ക്ക് ഒരു വര്‍ഷം പോലും സ്വാതന്ത്ര്യം അനുഭവിക്കാന്‍ സാധിച്ചില്ലെന്ന് മീന സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു. സായിബാബ ജീവിക്കുന്ന അഗ്നിനാളമാണെന്നും അദ്ദേഹത്തിന്റെ ആവേശകരമായ പോരാട്ടം മായാതെ നിലനില്‍ക്കുമെന്നും മീന കൂട്ടിച്ചേര്‍ത്തു.

'ഹൈദരാബാദിലെ ആശുപത്രിയില്‍ വെച്ച് ധീരനായ വിപ്ലവകാരി പ്രൊഫസര്‍ സായിബാബ വിടപറഞ്ഞിരിക്കുന്നു. നിങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ ഒരു വര്‍ഷം പോലും ആസ്വദിക്കാന്‍ സാധിക്കാത്തതിനാല്‍ തന്നെ ഈ വാര്‍ത്ത ഹൃദയഭേദകമാണ്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇന്ത്യന്‍ ഭരണകൂടം തടവിലടച്ച, 90 ശതമാനവും അംഗവൈകല്യമുള്ള സായിബാബ ഒരു പതിറ്റാണ്ട് കാലമാണ് ജയിലില്‍ കഴിഞ്ഞത്. പലപ്പോഴും കഠിനമായ ഏകാന്ത തടവിലായിരുന്നു അദ്ദേഹം. ജയിലില്‍ നിന്നുള്ള അദ്ദേഹത്തിന്റെ സമൂലമായ കവിതകള്‍ ഇന്ത്യന്‍ നിയമ വ്യവസ്ഥയിലെ കൊളോണിയല്‍ സ്വഭാവത്തെയാണ് വ്യക്തമാക്കുന്നത്. ഒരു രാഷ്ട്രമെന്ന നിലയില്‍ നമ്മെ അലട്ടുന്ന നിരവധി സാമൂഹിക തിന്മകളെ അത് അഭിസംബോധന ചെയ്യുന്നു.

സഖാവേ, നിങ്ങളെ കുറിച്ച് എഴുതുമ്പോള്‍ ഭൂതകാല പ്രയോഗങ്ങള്‍ ഉപയോഗിക്കേണ്ടി വരുന്നത് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല. നിങ്ങള്‍ ജീവിക്കുന്ന അഗ്നിനാളമാണ്. നിങ്ങളുടെ ആവേശകരമായ പോരാട്ടം, ക്രൂരമായ ഭരണകൂട അടിച്ചമര്‍ത്തലിലും തകര്‍ന്നിട്ടില്ലാത്ത നിങ്ങളുടെ ഇച്ഛാശക്തി, അധ്വാനിക്കുന്ന ജനങ്ങളുടെ ശക്തിയിലുള്ള നിങ്ങളുടെ വിശ്വാസം, ഇവയെല്ലാം തന്നെ മായാതെ നിലനില്‍ക്കും', മീന പറഞ്ഞു.

ഏപ്രിലിലെ കൂടിക്കാഴ്ച അവസാനത്തേതാകുമെന്ന് കരുതിയില്ലെന്നും മീന പറഞ്ഞു. 'ഏപ്രിലില്‍ നിങ്ങളെ കണ്ടപ്പോള്‍ ഒരുപാട് വര്‍ഷമായി കൂടെയുള്ള സുഹൃത്തിനെ പോലെയാണ് അനുഭവപ്പെട്ടത്. ഞങ്ങള്‍ സാഹിത്യവും പോസ്റ്റ്‌കോളോണിയല്‍ നോവലുകളും ചര്‍ച്ച ചെയ്തു. ഞാന്‍ കുറച്ച് കഴിക്കുന്നതിനെ കുറിച്ച് പറഞ്ഞ് നിങ്ങള്‍ ചിരിച്ചു. നിങ്ങളുമായുള്ള അവസാന കൂടിക്കാഴ്ചയായിരിക്കുമിതെന്ന് ഞാന്‍ കരുതിയില്ല. സുഹൃത്തും സഹോദരിയുമായ എഎസ് വസന്ത കുമാരിക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. നിന്നെയോ മഞ്ജിരിയെയോ ആശ്വസിപ്പിക്കാന്‍ എനിക്ക് വാക്കുകളില്ല', മീന ഓര്‍മിക്കുന്നു.

ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകനായ സായ്ബാബ ഹൈദരാബാദില്‍ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പത്ത് വര്‍ഷത്തോളം തടവിലായിരുന്നു. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു സായിബാബ കുറ്റവിമുക്തനായത്.

Content Highlights: Meena Kandaswamy condolences on demise of G N Saibaba

dot image
To advertise here,contact us
dot image