മൂന്നാമതും അധികാരത്തിലേക്ക്; ഹരിയാനയിൽ സൈനി സർക്കാരിന്റെ സത്യപ്രതിജ്ഞ 17ന്

90 സീറ്റിൽ 48 സീറ്റുകൾ നേടിയായിരുന്നു ബിജെപി വിജയിച്ചത്. എക്സിറ്റ് പോൾ ഫലങ്ങൾ ഉൾപ്പെടെ തള്ളിയായിരുന്നു ബിജെപിയുടെ ഹാട്രിക് ജയം.

dot image

ഛണ്ഡീഗഡ്: ഹാട്രിക് വിജയത്തിന് പിന്നാലെ ഹരിയാനയിൽ സത്യപ്രതിജ്ഞയ്ക്കൊരുങ്ങി പുതിയ ബിജെപി സർക്കാർ. ഒക്ടോബർ 17ന് സത്യപ്രതിജ്ഞ ചടങ്ങുകൾ നടത്താനാണാ തീരുമാനം. സത്യപ്രതിജ്ഞയ്ക്ക് അനുവാ​ദം ലഭിച്ചെന്ന് കേന്ദ്ര മന്ത്രിയും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ മനോ​ഹർ ലാൽ ഘട്ടർ വ്യക്തമാക്കി. പഞ്ച്കുലയിൽ വെച്ചായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുകയെന്നാണ് റിപ്പോർട്ട്.

സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് നേരത്തെ മുഖ്യമന്ത്രി നയാബ് സിങ് സൈനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര മന്ത്രിയും ഹരിയാനയിലെ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുകയും ചെയ്ത ധർമ്മേന്ദ്ര പ്രഥാനുമായും സൈനി കൂടിക്കാഴ്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ മുഖ്യമന്ത്രിയായി സൈനിയെ തന്നെ പരി​ഗണിക്കുമെന്ന് നേരത്തെ തന്നെ ബിജെപി വ്യക്തമാക്കിയിരുന്നു.

90 സീറ്റിൽ 48 സീറ്റുകൾ നേടിയായിരുന്നു ബിജെപി വിജയിച്ചത്. കോൺ​ഗ്രസ് 36 സീറ്റുകളാണ് നേടിയത്. ഹരിയാനയിൽ കോൺ​ഗ്രസ് വിജയിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ ഉൾപ്പെടെ പ്രവചിച്ചിരുന്നത്. എന്നാൽ ഇതിനെ തള്ളിയായിരുന്നു ബിജെപിയുടെ ഹാട്രിക് ജയം.

അതേസമയം പരാജയത്തിന് പിന്നാലെ കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് സഖ്യകക്ഷികൾ ഉന്നയിച്ചത്. കോൺ​ഗ്രസിന്റെ അഹന്തയാണ് ഹരിയാനയിലെ പരാജയത്തിന് കാരണമെന്നും സഖ്യകക്ഷികളെ ഉൾപ്പെടുത്താതിരുന്നത് ഫലങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്നുമാണ് എഎപി, ശിവസേന ഉൾപ്പടെയുള്ള കക്ഷികളുടെ വിമർശനം. അതേസമയം പരാജയം കോൺ​ഗ്രസിന്റെയോ തന്റെയോ മാത്രം ഉത്തരവാദിത്തമല്ലെന്ന് ചൂണ്ടിക്കാട്ടി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി രം​ഗത്തെത്തിയിരുന്നു. സംസ്ഥാന നേതാക്കളുടെ വീഴ്ചയും പരാജയത്തിന് കാരണമായിട്ടുണ്ടെന്ന് രാഹുൽ ​ഗാന്ധി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് പഠിക്കാൻ കോൺ​ഗ്രസ് പ്രത്യേക സമിതിക്ക് കഴിഞ്ഞ ദിവസം രൂപം നൽകിയിരുന്നു.

Content Highlight: Nayab Singh Saini govt to take oath on October 17th

dot image
To advertise here,contact us
dot image