കൊല്‍ക്കത്ത: ആര്‍ ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചുള്ള ഡോക്ടര്‍മാരുടെ കൂട്ടരാജിക്ക് നിയമപരമായ മൂല്യമില്ലെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ കത്തില്‍ കൂട്ടരാജിയെക്കുറിച്ചുള്ള പരാമര്‍ശമില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവ ഡോക്ടര്‍ക്ക് നീതി വേണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ നിരാഹാര സമരം നടക്കുന്നതിനിടയിലാണ് സര്‍ക്കാരിന്റെ പരാമര്‍ശം വന്നിരിക്കുന്നത്.
'സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെയും ആശുപത്രികളിലെയും മുതിര്‍ന്ന ഡോക്ടര്‍മാരുടെ രാജിയുമായി ബന്ധപ്പെട്ട് അടുത്തിടെ ആശയക്കുഴപ്പം നിലനിന്നിരുന്നു. കൂട്ട രാജിയെ സംബന്ധിച്ച കത്തുകളും നമുക്ക് ലഭിച്ചിട്ടുണ്ട്. വിഷയവുമായി ബന്ധമില്ലാത്ത പരാമര്‍ശങ്ങളും ഈ കത്തുകളില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഈ കൂട്ടരാജിക്ക് അവര്‍ വിവരിക്കുന്നത് പോലെയുള്ള നിയമ സാധുതയില്ല. ഇത്തരത്തിലുള്ള പൊതു കത്തിന് നിയമപരമായ മൂല്യമില്ല', മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മുഖ്യ ഉപദേശകന്‍ അലപന്‍ ബന്ദ്യോപാദ്യായ് മാധ്യമങ്ങളോട് പറഞ്ഞു.
ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് അരംബഗ് മെഡിക്കല്‍ കോളേജിലെ 38 സീനിയര്‍ ഡോക്ടര്‍മാര്‍ കൂട്ടരാജി വെച്ചത്. കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ആര്‍ ജി കര്‍ ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഒരാഴ്ചയായി നിരാഹാര സമരത്തിലാണ്. ബംഗാള്‍ സര്‍ക്കാര്‍ നീതി വൈകിപ്പിക്കുകയാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യത്തിനുള്ള സുരക്ഷ ഒരുക്കുന്നില്ലെന്നും സമരത്തിലിരിക്കുന്ന ഡോക്ടര്‍മാര്‍ ആരോപിച്ചു. നിരാഹാര സമരത്തില്‍ നിന്നും പിന്മാറാന്‍ കൊല്‍ക്കത്ത പൊലീസ് തങ്ങളുടെ കുടുംബങ്ങളുടേ മേല്‍ സമ്മര്‍ദം ചെലുത്തുകയാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ നിരാഹാരമിരിക്കുന്ന ഡോക്ടര്‍മാരുടെ സ്ഥിതി വളരെ മോശമായിക്കൊണ്ടിരിക്കുകയാണ്.
അതേസമയം പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ രാജ്യമെമ്പാടുമുള്ള ആരോഗ്യ സംവിധാനങ്ങള്‍ സ്തംഭിപ്പിക്കുമെന്ന് ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍സ് (എഫ്എഐഎംഎ) അറിയിച്ചു. സ്ഥിതിഗതികള്‍ മോശമാകുന്നതിന് മുമ്പ് മമത ബാനര്‍ജി ഇടപെട്ട് നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐഎംഎ) ആവശ്യപ്പെട്ടു.
Content Highlights: West Bengal Government says there is no legal value in senior doctors mass resignation