ബാബ സിദ്ദിഖിയുടെ കൊലപാതകം; പ്രതിയുടെ പ്രായം തെളിയിക്കണമെന്ന് കോടതി, മറ്റൊരു പ്രതിയെ കസ്റ്റഡിയില്‍ വിട്ടു

ബാബ സിദ്ദിഖിയുടെ കൊലപാതകത്തില്‍ നാലാം പ്രതിയുടെ പേര് പുറത്തുവന്നു

dot image

മുംബൈ: മഹാരാഷ്ട്ര മുന്‍മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകത്തില്‍ ഒരു പ്രതിയായ ഹരിയാന സ്വദേശി ഗുര്‍മെയില്‍ സിംഗിനെ ഈ മാസം 21 വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. അറസ്റ്റിലായ മറ്റൊരു പ്രതി ഉത്തര്‍പ്രദേശ് സ്വദേശി ധരംരാജ് കശ്യപിന്റെ പ്രായം തെളിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. അതിന് ശേഷം ധരംരാജിന്റെ കസ്റ്റഡി ആവശ്യത്തില്‍ തീരുമാനം എടുക്കും. അതേസമയം ബാബ സിദ്ദിഖിയുടെ കൊലപാതകത്തില്‍ നാലാം പ്രതിയുടെ പേര് പുറത്തുവന്നു. മുഹമ്മദ് സീഷാന്‍ അക്തറാണ് നാലാം പ്രതി. മൂന്നാം പ്രതി ഇപ്പോഴും ഒളിവിലാണ്.

കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്‌ണോയി ഗുണ്ട സംഘം ഏറ്റെടുത്തു. തങ്ങള്‍ ലോറന്‍സ് ബിഷ്ണോയ് സംഘത്തിലുള്ളവരാണെന്ന് സിദ്ദിഖിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ മൊഴി നല്‍കിയിരുന്നു.
കഴിഞ്ഞ ഒരു മാസമായി തങ്ങള്‍ സിദ്ദിഖിയെ നിരീക്ഷിക്കുകയായിരുന്നുവെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. സംഭവത്തിന് സല്‍മാന്‍ ഖാന്റെ വീടിനു നേരെയുണ്ടായ വെടിവെപ്പുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ സിദ്ദിഖിക്ക് ബിഷ്ണോയ് സംഘത്തിന്റെ ഭീഷണിയൊന്നുമുണ്ടായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രിയായിരുന്നു സിദ്ദിഖി വെടിയേറ്റ് മരിച്ചത്. കാറിലേക്ക് കയറുന്നതിനിടെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആറ് തവണ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷയിലാണ് മൂന്ന് പ്രതികള്‍ സംഭവ സ്ഥലത്തെത്തിയത്.

സംഭവ സ്ഥലത്ത് നിന്ന് ആറ് ബുള്ളറ്റ് ഷെല്ലുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വെടിവെക്കാന്‍ ഉപയോഗിച്ച പിസ്റ്റളും സ്ഥലത്ത് നിന്നും ലഭിച്ചു. 9.9 എംഎം പിസ്റ്റളാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് നടുക്കുന്ന സംഭവം.

Content Highlight: Assassination of Baba Siddiqui The court remanded to prove the age of the accused

dot image
To advertise here,contact us
dot image