ഹൈദരാബാദ്: അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പ്രൊഫ. ജി എന്‍ സായിബാബയുടെ മൃതശരീരം ആശുപത്രിക്ക് നല്‍കുമെന്ന് പങ്കാളി എ എസ് വസന്തകുമാരി. അദ്ദേഹത്തിന്റെ കണ്ണുകള്‍ നേരത്തെ തന്നെ ദാനം നല്‍കിയിട്ടുണ്ടെന്നും വസന്തകുമാരി പറഞ്ഞു. ജവഹര്‍ നഗറിലെ ശ്രീനിവാസ ഹൈറ്റ്‌സില്‍ നടക്കുന്ന പൊതുദര്‍ശനത്തിന് സ്വാഗതം ചെയ്ത് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് സായിബാബയുടെ മൃതശരീരം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് മൃതദേഹം ആശുപത്രിക്ക് നല്‍കുന്നതെന്നും വസന്തകുമാരി വ്യക്തമാക്കി.
ശനിയാഴ്ച ഹൈദരാബാദില്‍ ചികിത്സയിലിരിക്കെയാണ് സായിബാബ അന്തരിച്ചത്. ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകനായിരുന്ന സായിബാബ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പത്ത് വര്‍ഷം തടവിലായിരുന്നു. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു ജയില്‍ മോചിതനായത്.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ 2014 ല്‍ അദ്ദേഹത്തെ അസിസ്റ്റന്റ് പ്രൊഫസര്‍ സ്ഥാനത്ത് നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. മാവോയിസ്റ്റ് ബന്ധം സാധൂകരിക്കുന്ന പുസ്തകങ്ങളും പെന്‍ഡ്രൈവുകളും സായിബാബയുടെ മുറിയില്‍ നിന്ന് കിട്ടിയെന്നായിരുന്നു പൊലീസ് വാദം. തുടര്‍ന്ന് യുഎപിഎ വകുപ്പ് ചുമത്തി. കുറ്റകൃത്യങ്ങള്‍ സെഷന്‍സ് കോടതിക്ക് കീഴിലായതിനാല്‍ മജിസ്ട്രേറ്റ് കോടതി കേസ് സെഷന്‍സ് കോടതിയെ ഏല്‍പ്പിച്ചു. തുടര്‍ന്നായിരുന്നു അറസ്റ്റ്.
2017ലാണ് മഹാരാഷ്ട്രയിലെ ഗഡ്ചിറോളി സെഷന്‍സ് കോടതി സായിബാബയെയും അദ്ദേഹത്തിനൊപ്പം അറസ്റ്റ് ചെയപ്പെട്ടവരെയും കുറ്റക്കാരായി കണ്ടെത്തുന്നത്. എന്നാല്‍ ഈ വിധിക്കെതിരെ സായിബാബ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. 2022ല്‍ ബോംബെ ഹൈക്കോടതി സായിബാബ അടക്കമുള്ളവരെ വെറുതേവിട്ട് വിധി പുറപ്പെടുവിച്ചു. എന്നാല്‍ ആ വിധി വന്നതിന് തൊട്ടുപിന്നാലെ മഹാരാഷ്ട്ര സര്‍ക്കാര്‍ സ്ുപ്രീം കോടതിയെ സമീപിക്കുകുയും സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കുകയും ചെയ്തു. നിയമപോരാട്ടത്തിനൊടുവില്‍ മാര്‍ച്ച് അഞ്ചിന് സായിബാബ പുറത്തിറങ്ങിയെങ്കിലും സ്വാതന്ത്ര്യത്തിന്റെ ഒരു വര്‍ഷം പോലും പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Content Highlights: Family says G N Saibaba s body will be donated to an hospital as per his wishes