ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കാനഡയുടെ അന്വേഷണത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ. വിഷയത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായ സഞ്ജയ് വര്‍മ്മ അന്വേഷണ പരിധിയിലാണെന്ന് കാനഡ അറിയിച്ചിരുന്നു. ഇതിനെതിരെയാണ് ഇന്ത്യയുടെ മറുപടി. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ പേരെടുത്ത് വിമര്‍ശിച്ച വിദേശകാര്യമന്ത്രാലയം, കാനഡ ഇന്ത്യാവിരുദ്ധ ശക്തികളെ സഹായിക്കുകയാണെന്നും പ്രതികരിച്ചു.
ട്രൂഡോ സര്‍ക്കാരിന്റേത് വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. ഖലിസ്ഥാന്‍ അനുകൂല വിഭാഗങ്ങളെ തൃപ്തിപ്പെടുത്തി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. തെളിവുകളില്ലാതെ ഉദ്യോഗസ്ഥരെ അപകീര്‍ത്തിപ്പെടുത്തുന്ന നീക്കമാണ് ഉണ്ടായിരിക്കുന്നത്. സ്വന്തം മണ്ണില്‍ ഖലിസ്ഥാന്‍ തീവ്രവാദത്തെ തടയാന്‍ കാനഡ പരാജയപ്പെട്ടതിനെ ന്യായീകരിക്കാനാണ് ഇത്തരം അംസംബന്ധങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇന്ത്യ വിമര്‍ശിച്ചു.
വര്‍ഷങ്ങളുടെ പ്രവര്‍ത്തിപരിചയമുള്ള ഇന്ത്യയുടെ മുതിര്‍ന്ന നയനന്ത്രജ്ഞനാണ് സഞ്ജയ് വര്‍മ്മ. മറ്റ് രാജ്യങ്ങളിലും ഇന്ത്യന്‍ അംബാസഡറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അങ്ങനെയുള്ളയാള്‍ക്കെതിരെ കനേഡിയന്‍ സര്‍ക്കാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശുദ്ധ അസംബന്ധമാണ്. ഇത് അവജ്ഞയോടെ തള്ളുന്നു. ഇത്തരം നീക്കങ്ങളുണ്ടായാല്‍ ഇന്ത്യയും സമാനരീതിയില്‍ തിരിച്ചടിക്കുമെന്നും കേന്ദ്രവിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചത്. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന നിജ്ജാറിനെ ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് നേരത്തെയും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപണം ഉന്നയിച്ചിരുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിനും കാരണമായിരുന്നു.
Content Highlights: India Strongly Rejects Canada’s Allegations