ന്യൂഡല്‍ഹി: കാനഡയ്‌ക്കെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ. കാനഡയിലെ ഹൈക്കമ്മീഷണര്‍ ഉള്‍പ്പടെയുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനാണ് തീരുമാനം. ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കാനഡയുടെ നിലപാടില്‍ ഇന്ത്യ അതൃപ്തി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഹൈക്കമ്മീഷണര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനുള്ള തീരുമാനം.
ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ കാനഡ ഉറപ്പാക്കുമെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കിയാണ് നീക്കം. ട്രൂഡോ സര്‍ക്കാരിന്റെ നടപടികള്‍ അവരുടെ സുരക്ഷയെ അപകടത്തിലാക്കി. ഇക്കാരണത്താല്‍ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഹര്‍ദീപ് സിങ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഹൈക്കമ്മീഷണറായ സഞ്ജയ് വര്‍മ്മ അന്വേഷണ പരിധിയിലാണെന്ന് കാനഡ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി ഇന്ത്യ രംഗത്തെത്തിയത്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ പേരെടുത്ത് വിമര്‍ശിച്ച വിദേശകാര്യമന്ത്രാലയം, കാനഡ ഇന്ത്യാവിരുദ്ധ ശക്തികളെ സഹായിക്കുകയാണെന്നും ആരോപിച്ചിരുന്നു.
ട്രൂഡോ സര്‍ക്കാരിന്റേത് വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. ഖലിസ്ഥാന്‍ അനുകൂല വിഭാഗങ്ങളെ തൃപ്തിപ്പെടുത്തി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. തെളിവുകളില്ലാതെ ഉദ്യോഗസ്ഥരെ അപകീര്‍ത്തിപ്പെടുത്തുന്ന നീക്കമാണ് ഉണ്ടായിരിക്കുന്നത്. സ്വന്തം മണ്ണില്‍ ഖലിസ്ഥാന്‍ തീവ്രവാദത്തെ തടയാന്‍ കാനഡ പരാജയപ്പെട്ടതിനെ ന്യായീകരിക്കാനാണ് ഇത്തരം അംസംബന്ധങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇന്ത്യ വിമര്‍ശിച്ചു.
വര്‍ഷങ്ങളുടെ പ്രവര്‍ത്തിപരിചയമുള്ള ഇന്ത്യയുടെ മുതിര്‍ന്ന നയനന്ത്രജ്ഞനാണ് സഞ്ജയ് കുമാര്‍ വര്‍മ. മറ്റ് രാജ്യങ്ങളിലും ഇന്ത്യന്‍ അംബാസഡറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അങ്ങനെയുള്ളയാള്‍ക്കെതിരെ കനേഡിയന്‍ സര്‍ക്കാര്‍ ഉന്നയിച്ച് ആരോപണങ്ങള്‍ ശുദ്ധ അംസബന്ധമാണ്. ഇത് അവജ്ഞയോടെ തള്ളുന്നു. ഇത്തരം നീക്കങ്ങളുണ്ടായാല്‍ ഇന്ത്യയും സമാനരീതിയില്‍ തിരിച്ചടിക്കുമെന്നും കേന്ദ്രവിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Content Highlights: India To Withdraw High Commissioner From Canada In Massive Escalation Of Row