ന്യൂഡല്‍ഹി: മദ്രസകള്‍ക്കുള്ള സംസ്ഥാന സഹായധനം നിർത്തലാക്കുന്നതിനെതിരെ കേരളത്തില്‍ ഉയർത്തുന്ന പ്രതിഷേധങ്ങളില്‍ പ്രതികരിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ. ഏകപക്ഷീയമായ അഭിപ്രായത്തിലൂടെ വ്യാപകമായ അജൻഡ ഉണ്ടാക്കാനാവില്ല എന്ന് ചെയര്‍മാന്‍ പ്രിയാങ്ക് കാനൂങ് പറഞ്ഞു. ദേശീയ ബാലാവകാശ കമ്മീഷൻ റിപ്പോർട്ടിനെതിരെ കേരളത്തിൽ വ്യാപക പ്രതിഷേധമെന്ന വാർത്ത പങ്കുവച്ചാണ് വിമർശനം.
മദ്രസകള്‍ അടച്ചില്ലെങ്കില്‍ മറ്റു വഴികള്‍ തേടുമെന്ന് ചെയര്‍മാന്‍ പ്രിയങ്ക് കനൂന്‍ഗോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിന് ശേഷമാണ് തീരുമാനത്തിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. മദ്രസയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉടന്‍തന്നെ സ്‌കൂളുകളിലേക്ക് പോകണമെന്നും പ്രിയങ്ക് ആവശ്യപ്പെട്ടു.
മദ്രസകള്‍ ഇല്ലെന്നും ധനസഹായം നല്‍കുന്നില്ലെന്നുമുള്ള കേരള സര്‍ക്കാര്‍ വാദം കള്ളമാണെന്നും പ്രിയങ്ക് പറയുന്നു. കേരള സര്‍ക്കാരിന്റെ നയം മുസ്ലിം വിഭാഗത്തെ പ്രീതിപ്പെടുത്താനാണെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മദ്രസകള്‍ അടച്ചു പൂട്ടാനുള്ള ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തിനെതിരെ നാഷണല്‍ ലീഗ് (ഐഎന്‍എല്‍) രംഗത്ത് എത്തിയിരുന്നു. മദ്രസകളെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് നാഷണല്‍ ലീഗ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നീക്കം വര്‍ഗീയപരവും വിവേചനപരവുമാണെന്നും നാഷണല്‍ ലീഗ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍ കെ അബ്ദുല്‍ അസീസ് പ്രസ്താവനയില്‍ പറഞ്ഞു.
മദ്രസകള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കണമെന്ന നിര്‍ദേശത്തിനെതിരെ സമസ്തയും രംഗത്തെത്തിയിരുന്നു. കേരളത്തിലെ മദ്രസകള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ലെന്നും എന്നാല്‍ ഉത്തരേന്ത്യയിലെ മദ്രസകളില്‍ ഫണ്ട് നല്‍കാറുണ്ടെന്നും സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ഇപ്പോഴത്തെ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ഉത്തരേന്ത്യയിലെ കുട്ടികളുടെ അവകാശ നിഷേധമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
മതം അനുഷ്ഠിക്കാന്‍ ഇന്ത്യയില്‍ അവകാശം ഉണ്ടെന്നും ഇതിനെതിരെയുള്ള നിര്‍ദേശമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിര്‍ദേശത്തിനെതിരെ നിയമപരമായും ജനാധിപത്യപരമായും പോരാടാനാണ് സമസ്തയുടെ നീക്കം.
മദ്രസകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ രേഖപ്പെടുത്തുന്ന റിപ്പോര്‍ട്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. വിദ്യാഭ്യാസ അവകാശ നിയമം അനുസരിക്കുന്നില്ലെങ്കില്‍ അവയ്ക്കുള്ള സംസ്ഥാന ധനസഹായം നിര്‍ത്താന്‍ സമിതി സംസ്ഥാന ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 'വിശ്വാസത്തിന്റെ സംരക്ഷകരോ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നവരോ?' എന്ന തലക്കെട്ടിലുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് എന്‍സിപിസിആര്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
Content Highlights: National Commission for Child Rights against protests in Madrassa closure in Kerala