മണിപ്പൂര്‍ കലാപം: സമാധാനം പുനസ്ഥാപിക്കും, ഒന്നിച്ചു നില്‍ക്കുമെന്ന് കുകി-മെയ്‌തെയി-നാഗ എംഎല്‍എമാര്‍

ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്

dot image

ഇംഫാല്‍: മണിപ്പൂര്‍ കലാപത്തില്‍ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കാന്‍ തീരുമാനം. കുകി - മെയ്‌തെയി - നാഗ എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. മണിപ്പൂരില്‍ നിന്നുള്ള 20 എംഎല്‍എമാരാണ് യോഗത്തില്‍ പങ്കെടുത്തത്.

കഴിഞ്ഞ ദിവസമാണ് ആഭ്യന്തര മന്ത്രാലയം എംഎല്‍എമാരെ യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്നത്. ഇതാദ്യമായാണ് മന്ത്രാലയം ഇത്തരത്തിലുള്ള യോഗത്തിന് വേണ്ടി തയ്യാറായത്. മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കുകി-മെയ്‌തെയി വിഭാഗങ്ങള്‍ തമ്മില്‍ ചര്‍ച്ച നടത്തണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതിന് ഒരു മാസത്തിനുള്ളിലാണ് യോഗം നടന്നിരിക്കുന്നത്. ഇംഫാല്‍ താഴ്‌വരയില്‍ 39 മെയ്തി എംഎല്‍എമാരാണുള്ളത്. ഇംഫാല്‍ ഹില്‍സില്‍ 20 എംഎല്‍എമാര്‍ നാഗ, കുകി, സോ വിഭാഗത്തില്‍ നിന്നുമുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 10ന് 51 അംഗങ്ങളുടെ സമാധാന കമ്മിറ്റി രൂപീകരിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുവിഭാഗങ്ങളും തയ്യാറായിരുന്നില്ല. കഴിഞ്ഞ വര്‍ഷം മെയ് മൂന്നിന് ആരംഭിച്ച മണിപ്പൂര്‍ കലാപത്തില്‍ കുറഞ്ഞത് 237 പേരാണ് കൊല്ലപ്പെട്ടത്. 60,000ത്തിലധികം പേര്‍ക്ക് പലായനം ചെയ്യേണ്ടി വന്നു.

Content Highlights: Manipur conflict Kuki Meitei Naga MLAs vow to restore peace and stand together

dot image
To advertise here,contact us
dot image