മുംബൈ: വിവിധ വിമാനക്കമ്പനികൾക്ക് നേരേ ബോംബ് ഭീഷണി മുഴക്കിയതിന് കൗമാരക്കാരൻ പിടിയിൽ. മുംബൈ പൊലീസാണ് 17-കാരനെ കസ്റ്റഡിയിലെടുത്തത്. ഭീഷണിയെ തുടർന്ന് ഒക്ടോബർ 14-ന് രണ്ട് വിമാനങ്ങൾ വൈകുകയും ഒരെണ്ണം യാത്ര ഒഴിവാക്കുകയും ചെയ്തിരുന്നു.
സുഹൃത്തുമായുള്ള സാമ്പത്തിക തർക്കത്തിന് പ്രതികാരം ചെയ്യുന്നതിനാണ് സാമൂഹമാധ്യമമായ എക്‌സിൽ സുഹൃത്തിന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി വിമാനങ്ങൾക്ക് നേരേ ബോംബ് ഭീഷണി മുഴക്കിയതെന്ന് അധികൃതർ പറഞ്ഞു. ഛത്തീസ്‌ഗഡിലെ രാജ്‌നന്ദ്‌ഗാവിൽ നിന്നുള്ള കൗമാരക്കാരനെയും പിതാവിനെയും മുംബൈ പൊലീസ് ചൊവ്വാഴ്ച വിളിപ്പിച്ചിരുന്നു. കുട്ടിയെ കസ്റ്റഡിയിലെടുത്ത് റിമാൻഡ് ഹോമിലേക്ക് കൊണ്ടുപോയി. പിതാവിനെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ രണ്ടുദിവസങ്ങൾക്കിടെ 12 വിമാനങ്ങൾക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയർന്നത്. ഇതിൽ ചില വിമാനങ്ങൾ വിദേശ രാജ്യങ്ങളിലേക്കുള്ളതായിരുന്നു. ഇന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയർ, മുംബൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ എന്നിവയ്ക്ക് നേരെയും ബോംബ് ഭീഷണിയുണ്ടായി. തുടർന്ന് ഇരുവിമാനങ്ങളും ഡൽഹിയിലും അഹമ്മദാബാദിലും അടിയന്തര ലാൻഡിങ് നടത്തി.
ഡൽഹി-ഷിക്കാഗോ എയർ ഇന്ത്യ വിമാനം (എഐ-127), ജയ്പുർ-ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് (ഐഎക്സ്-765), ദർബംഗ-മുംബൈ സ്പൈസ് ജെറ്റ് വിമാനം (എസ്ജി-116), സിലിഗുരി-ബെംഗളൂരു ആകാശ എയർ വിമാനം (ക്യുപി-1373), ദമാം-ലഖ്നൗ ഇൻഡിഗോ വിമാനം(6 ഇ-98), അമൃത്സർ-ദെഹ്‌റാദൂൺ അലയൻസ് എയർ (9എൽ-650) എന്നിവയുൾപ്പെടെയുള്ള വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. തിങ്കളാഴ്ചയും രണ്ട് ഇൻഡിഗോ വിമാനങ്ങൾക്കും ഒരു എയർ ഇന്ത്യ വിമാനത്തിനും വ്യാജഭീഷണി സന്ദേശം ലഭിച്ചിരുന്നു. അതിനിടെ ഇന്ത്യൻ വിമാനക്കമ്പനികളുടെ വിമാനങ്ങൾക്കുനേരെ തുടർച്ചയായുണ്ടാകുന്ന ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഗതാഗത പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി യോഗം ചേർന്നിട്ടുണ്ട്.
content highlights: Minor Taken Into Custody Over Hoax Bomb Threats To Airlines