ഗ്വാളിയാര്‍: ഡ്യൂട്ടിക്കിടെ ട്രാഫിക് കോണ്‍സ്റ്റബിളിനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനത്തിനായി അന്വേഷണം. മധ്യപ്രദേശിലെ ഗ്വാളിയാറില്‍ ഇന്ന് വൈകീട്ടായിരുന്നു സംഭവം. അമിതവേഗതയിലെത്തിയ കാര്‍ നിര്‍ത്താന്‍ കൈ കാണിച്ച ട്രാഫിക് കോണ്‍സ്റ്റബിളിനെ വണ്ടി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബോണറ്റില്‍ തെറിച്ചു വീണ ഉദ്യോഗസ്ഥനെയും വഹിച്ച് നൂറ് മീറ്ററോളം കാര്‍ മുന്നോട്ട് പോയി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഗ്വാളിയാറിലെ മാധവ്‌നഗറില്‍ ഡ്യൂട്ടിയിലായിരുന്നു ട്രാഫിക് കോണ്‍സ്റ്റബിളായ ബിജേന്ദ്ര സിങ്. എഎസ്‌ഐ സതീശന്‍ സുധാകരനും ഹോം ഗാര്‍ഡ് രാകേഷും ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വൈകീട്ട് അഞ്ച് മണിയോടെ നമ്പര്‍ പ്ലേറ്റില്ലാത്ത ചുവന്ന കാര്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ട ബിജേന്ദ്ര സിങ് വണ്ടി നിര്‍ത്തുന്നതിനായി കൈ കാണിച്ചു. എന്നാല്‍ സ്പീഡ് കൂട്ടിയെത്തിയ വാഹനം അദ്ദേഹത്തെ ഇടിക്കുകയായിരുന്നു.
ബിജേന്ദ്ര സിങ് കാറിന്റെ ബോണറ്റില്‍ തെറിച്ചുവീണിട്ടും ഡ്രൈവര്‍ വാഹനം നിര്‍ത്തിയില്ല. നൂറ് മീറ്ററോളം മുന്നോട്ട് പോയി വാഹനം പെട്ടെന്ന് തിരിച്ചതോടെ ബിജേന്ദ്ര സിങ് താഴെ വീഴുകയായിരുന്നു. തലയിടിച്ച് വീണതിനാല്‍ ബോധം നഷ്ടപ്പെട്ട ബിജേന്ദ്ര സിങിനെ ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബിജേന്ദ്ര സിങിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടരുന്നത്. വണ്ടിയോടിച്ചയാള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗ്വാളിയാര്‍ എസ്പി ദര്‍മവീര്‍ സിങ് അറിയിച്ചു.
#WATCH | Traffic Constable Hit By Car, Dragged On Bonnet for 100 Metres During Routine Vehicle Check In Gwalior#Gwalior #MPNews #MadhyaPradesh #viralvideo pic.twitter.com/r5sE0bSlcT
— Free Press Madhya Pradesh (@FreePressMP) October 16, 2024
Content Highlights: Traffic Constable Dragged On Car's Bonnet For 100 Metres In Gwalior, Reckless Driver Flees