മുംബൈ: ബോളിവുഡ് നടൻ സൽമാഖാനെ വധിക്കാൻ പദ്ധതിയിട്ട കേസിൽ ഒരാളെ കൂടി മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശിയായ പ്രതിയെ പാനിപത്തിൽ നിന്ന് വ്യാഴാഴ്ചയാണ് പൊലീസ് പിടികൂടിയത്. നവി മുംബൈയിൽ എത്തിച്ച് മജിസ്ട്രേറ്റിന് മുന്നിൽ പ്രതിയെ പൊലീസ് ഹാജരാക്കും.
പനവേലിലുള്ള ഫാം ഹൗസിലേക്ക് പോകുന്നവഴി സല്‍മാന്‍ ഖാനെ കൊലപ്പെടുത്താനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് പറയുന്നു. ഏപ്രിലിൽ നടന്‍റെ ബാന്ദ്രയിലെ വസതിക്കു നേരെ വെടിയുതിർത്തതിനു ശേഷമാണ് ഗൂഢാലോചന നടന്നതെന്നും പൊലീസ് പറഞ്ഞു. വസതിക്ക് നേരെ വെടിവെച്ച കേസില്‍ ലോറന്‍സ് ബിഷ്ണോയി അടക്കമുള്ളവര്‍ അറസ്റ്റിലായിരുന്നു.
സൽമാൻ ഖാനുമായി അടുത്ത ബന്ധമുണ്ടായിരുന്ന എൻ.സി.പി നേതാവ് ബാബാ സിദ്ദീഖി കൊല്ലപ്പെട്ടതിന് പിന്നാലെ നടന് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഈ കൊലപാതകത്തിന് പിന്നാലെ ലോറന്‍സ് ബിഷ്ണോയ് സംഘം വീണ്ടും ചർച്ചകളില്‍ നിറഞ്ഞിരുന്നു.
ബോളിവുഡ് താരം സൽമാൻ ഖാനുമായുള്ള അടുപ്പമാണ് ബാബാ സിദ്ദീഖിന്റെ കൊലയ്ക്ക് കാരണമെന്ന് ബിഷ്ണോയി സംഘാംഗമെന്ന് കരുതുന്നയാളുടെ സമൂഹമാധ്യമ അക്കൗണ്ടിൽ കുറിപ്പു വന്നിരുന്നു. കഴിഞ്ഞ മാസം വീടിനു നേരെ വെടിയുതിർത്തത് ലോറൻസ് ബിഷ്ണോയി സംഘമാണെന്ന് വിശ്വസിക്കുന്നതായി സല്‍മാന്‍ ഖാനും പൊലീസിന് മൊഴി നൽകിയിരുന്നു.
പൊലീസിന്‍റെ അന്വേഷണ റിപ്പോർട്ട് പ്രകാരം ബിഷ്ണോയ്, സമ്പത് നെഹ്റ ഗ്യാങ്ങുകൾ സൽമാൻ ഖാന്‍റെ നീക്കങ്ങൾ നിരീക്ഷിക്കാൻ എഴുപതോളം പേരെ നിയോഗിച്ചിട്ടുണ്ട്. വീട്ടിലും ഫാം ഹൗസിലും കൂടാതെ സിനിമ ഷൂട്ടിങ് ലൊക്കേഷനുകളിലും വരെ ഇവർ എത്തുന്നതായാണ് റിപ്പോർട്ട്. സൽമാൻ ഖാനെ വധിക്കാൻ ഗൂഢാലോചന ശക്തമാണെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഏപ്രിലിൽ പനവേൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി. നേതാവുമായ ബാബാ സിദ്ദീഖിക്കിന് ബാന്ദ്രയിൽ മകൻ സീഷൻ സിദ്ദിഖിയുടെ ഓഫിസിന് പുറത്തുവെച്ച് ശനിയാഴ്ച രാത്രിയാണ് വെടിയേറ്റത്. സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പുണ്ടായി മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ബാബാ സിദ്ദീഖി കൊല്ലപ്പെട്ടത്. വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ സിദ്ദീഖിയെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Content Highlights: Another member of the group who planned to kill Salman Khan has been arrested