ന്യൂഡൽഹി: നടൻ സൽമാൻഖാനെ കൊലപ്പെടുത്താൻ ലോറൻസ് ബിഷ്‌ണോയിയുടെ ഗുണ്ടാസംഘം 25 ലക്ഷം രൂപയുടെ കരാർ എടുത്തതായി നവി മുംബൈ പൊലീസിൻറെ കുറ്റപത്രം. അഞ്ച് പേരുടെ പേരിലാണ് കുറ്റപത്രമുള്ളത്. മഹാരാഷ്ട്രയിലെ പൻവേലിലുള്ള ഫാം ഹൗസിന് സമീപമാണ് നടനെ ലക്ഷ്യമിട്ട് പദ്ധതി തയ്യാറാക്കിയത്. പാക്കിസ്താനിൽ നിന്ന് അത്യാധുനിക ആയുധങ്ങളായ എകെ 47, എകെ 92, എം 16 എന്നിവയും പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലയെ കൊലപ്പെടുത്തിയ തുർക്കി നിർമിത സിഗാന ആയുധവും വാങ്ങാനൊരുങ്ങുകയായിരുന്നു പ്രതികളെന്നും കുറ്റപത്രത്തിൽ പറയുന്നു.
മാത്രമല്ല സൽമാൻ ഖാനെ കൊലപ്പെടുത്താൻ 18 വയസ്സിന് താഴെയുള്ള ആൺകുട്ടികളെ പ്രതികൾ ലിസ്റ്റ് ചെയ്തിരുന്നു. 60 മുതൽ 70 വരെ ആളുകൾ സൽമാൻ ഖാൻ്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് അദ്ദേഹത്തിൻ്റെ ബാന്ദ്രയിലെ ഹൗസ്, പൻവേൽ ഫാംഹൗസ്, ഗോരേഗാവ് ഫിലിം സിറ്റി എന്നിവിടങ്ങളിലെ വസതികളിൽ. സൽമാൻ ഖാനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത് 2023 ഓഗസ്റ്റിനും 2024 ഏപ്രിലിനും ഇടയിലാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
നടൻ്റെ വിപുലമായ സുരക്ഷാ സംവിധാനങ്ങളും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും കാരണം പദ്ധതി വിജയകരമാകാൻ വലിയ തോതിൽ ആയുധങ്ങൾ അനിവാര്യമാണെന്ന് സംഘം വിലയിരുത്തിയിരുന്നതായും പൊലീസ് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
മഹാരാഷ്ട്ര മുൻ മന്ത്രി കൂടിയായിട്ടുള്ള ബാബാ സിദ്ദിഖിയെ വെടിവെച്ച ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ പ്രധാന നോട്ടപ്പുള്ളികളിലൊരാളാണ് ബോളിവുഡ് താരമായ സൽമാൻ ഖാൻ.
ബിഷ്‌ണോയ് സമുദായം പവിത്രമായി കരുതുന്ന ബ്ലാക്ക് ബക്ക് എന്ന കൃഷ്ണ മൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പെട്ടതാണ് സൽമാനുമായുള്ള ശത്രുത. ബോളിവുഡ് ചിത്രം ഹം സാത്ത് സാത്ത് ഹേയുടെ ചിത്രീകരണത്തിനിടെ രാജസ്ഥാനിൽ എത്തിയ സൽമാൻ രണ്ട് കൃഷ്ണ മൃഗങ്ങളെ വേട്ടയാടി കൊന്നെന്ന് ബിഷ്‌ണോയി സമുദായാംഗങ്ങൾ പരാതി നൽകിയിരുന്നു. തുടർന്ന് സംഭവത്തിൽ കേസ് എടുത്ത പൊലീസ് സൽമാനെ അറസ്റ്റ് ചെയ്തു. ബിഷ്‌ണോയ് സമുദായത്തിന്റെ ആത്മീയ ഗുരുവായിരുന്ന ജബേശ്വറിന്റെ പുനർജന്മമാണ് കൃഷ്ണമൃഗമെന്നാണ് സമുദായത്തിന്റെ വിശ്വാസം.
ഇത് ചൂണ്ടിക്കാട്ടിയാണ് സൽമാനെ കൊലപ്പെടുത്തുമെന്ന് ലോറൻസ് ബിഷ്‌ണോയ് പറഞ്ഞത്. സിദ്ധു മൂസെവാലയുടെ കൊലപാതകത്തിന് പിന്നാലെ സൽമാൻഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷയും സ്വയം രക്ഷയ്ക്കായി തോക്കും മഹാരാഷ്ട്ര സർക്കാർ അനുവദിച്ചിരുന്നു.
സൽമാൻ ഖാന്റെ വീടിനു നേരെയുള്ള വെടിവെപ്പ് നടന്ന് മാസങ്ങൾക്കുള്ളിലാണ് ബാബാ സിദ്ദിഖിയെ വെടിവെച്ചു കൊന്നത്. പിന്നാലെ സൽമാൻ ഖാന്റെയും ബാബാ സിദ്ദിഖിയുടെ മകനും എംഎൽഎയുമായ സീഷാൻ സിദ്ദിഖിയുടെയും സുരക്ഷ കൂട്ടിയിരുന്നു. സൽമാൻഖാൻ താമസിക്കുന്ന ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്‌മെന്റ് വൻ സുരക്ഷാവലയത്തിലാണ്.
Content Highlights: Navi Mumbai Police Chargesheet Reveals Rs. 25 Lakh Contract to Kill Salman Khan