ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി പാർട്ടി നേതാവും മുൻ മന്ത്രിയുമായ സത്യേന്ദ്ര ജെയിന് ജാമ്യം. രണ്ട് വർഷത്തിന് ശേഷമാണ് ജെയിനിന് ജാമ്യം ലഭിക്കുന്നത്. ഡൽഹി റൗസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്.
2022 മെയ് 30നായിരുന്നു സത്യേന്ദ്ര ജെയിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. ജെയിനുമായി ബന്ധപ്പെട്ട് നാല് കമ്പനികളിൽ സാമ്പത്തിക തിരിമറി നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇഡിയും ജെയിനും സമർപ്പിച്ച ഹർജികൾ പരിഗണിച്ച ശേഷം പ്രത്യേക ജഡ്ജി രാകേഷ് സായൽ ആണ് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്.
രണ്ട് വർഷം പിന്നിട്ടിട്ടും അദ്ദേഹത്തെ വീണ്ടും ജയിലിലടയ്ക്കുന്നത് കൊണ്ട് യാതൊരു ലക്ഷ്യവുമില്ലെന്ന് ജെയിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. എന്നാൽ ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇഡി വാദം എതിർത്തിരുന്നു.
Content Highlights: Bail for AAP leader Satyendra Jain after 2 years in jail