മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ വീണ്ടും ഭീഷണി. അഞ്ച് കോടി രൂപ നല്‍കണമെന്നും അല്ലെങ്കില്‍ സല്‍മാന്‍ ഖാന്റെ സ്ഥിതി കൊല്ലപ്പെട്ട എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടേതിനേക്കാള്‍ സ്ഥിതി മോശമാകുമെന്നാണ് ഭീഷണിയെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. മുബൈ പൊലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്.
അതേസമയം സല്‍മാന്‍ ഖാന്‍ ഫാം ഹൗസ് കേസിലെ പ്രതി ബിഷ്‌ണോയി ഗാങ്ങിലെ സുഖ കല്ലുയയെ പാന്‍വല്‍ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലാകുന്ന ആറാമത്തെയാളാണ് സുഖ കല്ലുയ. പാകിസ്താന്‍ സ്വദേശിയായ ഡോഗറില്‍ നിന്നും ആയുധങ്ങള്‍ ഇന്ത്യയിലേക്ക് കടത്തുന്നതില്‍ പ്രധാനിയാണ് സുഖ. സല്‍മാനെ കൊലപ്പെടുത്താന്‍ എ കെ 47, എം 16, എ കെ 92 തുടങ്ങിയ ആയുധങ്ങള്‍ ഉയോഗിക്കാന്‍ ഗൂഡാലോചന നടത്തിയവരിലൊരാണ് സുഖ.
സല്‍മാന്‍ഖാനെ കൊലപ്പെടുത്താന്‍ ലോറന്‍സ് ബിഷ്ണോയിയുടെ ഗുണ്ടാസംഘം 25 ലക്ഷം രൂപയുടെ കരാര്‍ എടുത്തതായി നവി മുംബൈ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അഞ്ച് പേരുടെ പേരിലാണ് കുറ്റപത്രമുള്ളത്. മഹാരാഷ്ട്രയിലെ പന്‍വേലിലുള്ള ഫാം ഹൗസിന് സമീപമാണ് നടനെ ലക്ഷ്യമിട്ട് പദ്ധതി തയ്യാറാക്കിയത്. എകെ 47, എകെ 92, എം 16 എന്നിവയും പഞ്ചാബി ഗായകന്‍ സിദ്ധു മൂസേവാലയെ കൊലപ്പെടുത്തിയ തുര്‍ക്കി നിര്‍മിത സിഗാന ആയുധവും വാങ്ങാനൊരുങ്ങുകയായിരുന്നു പ്രതികളെന്നും കുറ്റപത്രത്തില്‍ പറയുന്നു.
മാത്രമല്ല സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ 18 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളെ പ്രതികള്‍ ലിസ്റ്റ് ചെയ്തിരുന്നു. 60 മുതല്‍ 70 വരെ ആളുകള്‍ സല്‍മാന്‍ ഖാന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ബാന്ദ്രയിലെ ഹൗസ്, പന്‍വേല്‍ ഫാംഹൗസ്, ഗോരേഗാവ് ഫിലിം സിറ്റി എന്നിവിടങ്ങളിലെ വസതികളില്‍. സല്‍മാന്‍ ഖാനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത് 2023 ഓഗസ്റ്റിനും 2024 ഏപ്രിലിനും ഇടയിലാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.
Content Highlights: Dead threatened against Salman Khan