ദ്രാവിഡ പാർട്ടികൾ തമിഴ് ഭാഷ വെച്ച് രാഷ്ട്രീയം കളിക്കുന്നുവെന്ന് ഗവർണർ; ദ്രാവിഡ അലർജിയെന്ന് സ്റ്റാലിൻ

തമിഴ് നാടിന്റെ വികാരത്തെ അവഹേളിക്കുന്ന ഗവർണറെ കേന്ദ്രസർക്കാർ തിരിച്ചു വിളിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു.

dot image

ചെന്നൈ: ഹിന്ദി മാസാചരണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ വിമർശനവുമായി ഗവർണർ ആർ എൻ രവി. ദ്രാവിഡ പാർട്ടികൾ തമിഴ് ഭാഷ വെച്ച് രാഷ്ട്രീയം കളിക്കുകയാണ്‌. ഹിന്ദിയ്ക്കെതിരെ നടത്തുന്ന വിമർശനങ്ങൾ കേവലം കാരണങ്ങൾ മാത്രമാണെന്നും ​ഗവർണർ പറഞ്ഞു. ഏതാനും വർഷങ്ങളായി സംസ്ഥാനത്ത് ഹിന്ദി പഠിക്കാൻ ജനങ്ങളിൽ ആ​ഗ്രഹം വർധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെന്നൈ ദൂരദർശന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച്‌ ഹിന്ദി മാസാചരണം സംഘടിപ്പിച്ച പരിപാടിയ്ക്കിടെയായിരുന്നു ​ഗവർണറുടെ വിമർശനം.

'ഹിന്ദിയ്ക്കെതിരായ വിമർശനം ഒരു കാരണം മാത്രമാണ്. കന്നഡ ദിവസവും, മലയാളം ദിവസവും, തെലുങ്കു ദിവസവും ആചരിച്ചു. ഞാൻ ഉറപ്പ് നൽകാം, ഹിന്ദി ദിവസമെന്ന് പറയുമ്പോൾ പ്രതിഷേധിക്കാൻ ആളുകളുണ്ടാകും. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. വിവിധ പരിപാടികളിൽ പങ്കെടുത്തു. ഹിന്ദി പഠിക്കാൻ തമിഴ്നാട്ടിലെ ജനങ്ങൾക്കുള്ള ആഗ്രഹത്തെ കുറിച്ച് വ്യക്തമായി മനസിലാക്കാൻ സാധിച്ചു', ​ഗവർണർ പറ‍ഞ്ഞു.

ദ്രാവിഡ പാർട്ടികൾ തമിഴ് ഭാഷ വെച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഹിന്ദിയെ സർക്കാർ മൂന്നാം ഭാഷയായി പോലും അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി.

ഗവർണർ ആര്യനാണോ എന്നായിരുന്നു മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രതികരണം. ഹിന്ദി മാസാചരണത്തിന്റെ പേരിൽ തമിഴ്‌നാട്ടിലെ മനുഷ്യർക്കിടയിലെ ഐക്യം തകർക്കാൻ നോക്കരുത്. ഗവർണർക്ക് ദ്രാവിഡ അലർജിയാണ്. ദേശീയ ഗാനത്തിൽ നിന്നു ദ്രാവിഡ എന്ന വാക്ക് ഒഴിവാക്കാൻ പറയുമോ എന്നും അദ്ദേഹം ചോദിച്ചു. ഭരണഘടനാ പദവിയിലിരുന്നു സ്വന്തം ഇഷ്ടത്തിന് പ്രവർത്തിക്കരുത്. തമിഴ് നാടിന്റെ വികാരത്തെ അവഹേളിക്കുന്ന ഗവർണറെ കേന്ദ്രസർക്കാർ തിരിച്ചു വിളിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു.

ഹിന്ദി സംസാര ഭാഷയല്ലാത്ത സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷമായ അണ്ണാ ഡി എം കെയും രംഗത്തെത്തിയിരുന്നു.

Content Highlight: Fresh language row in Tamil Nadu amid Hindi month celebration

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us