പെട്ടെന്ന് വിസ കിട്ടിയില്ല! പാകിസ്താൻ യുവതിയെ ഓൺലൈനിലൂടെ വിവാഹം കഴിച്ച് ബിജെപി നേതാവിൻ്റെ മകൻ

ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞ വർഷം തന്നെ നിശ്ചയിച്ചതായിരുന്നു

dot image

ഉത്തർപ്രദേശ് ജാൻപൂർ ജില്ലയിലെ ബിജെപി നേതാവിൻ്റെ മകൻ്റെ വിവാഹം നടന്നത് ഓൺലൈനിലൂടെ. പാകിസ്താനി യുവതിയാണ് വധു. വിസ ലഭിക്കാൻ വൈകിയതിനെ തുടർന്നാണ് വിവാഹം ഓൺലൈനിലൂടെയാക്കിയത്. ഉത്തർപ്രദേശിലെ ബിജെപി നേതാവ് തെഹ്സിൻ സാഹിദിൻ്റെ മകൻ മുഹമ്മദ് അബ്ബാസ് ഹെയ്ദറിൻ്റെ വിവാഹം പാകിസ്താനി യുവതി അന്ദലീബ് സഹറയുമായി നിശ്ചയിച്ചിരുന്നു. ഇവരുടെ ബന്ധുവും പാകിസ്ഥാനിലെ ലാഹോർ നിവാസിയുമാണ് അന്ദലീബ് സഹറ. ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞ വർഷം തന്നെ നിശ്ചയിച്ചതായിരുന്നു.

ഒരു വർഷം മുൻപ് തന്നെ കല്യാണ ആവശ്യങ്ങൾക്കായി പാകിസ്ഥാനിൽ പോകുന്നതിനായി കുടുംബം വിസക്ക് അപേക്ഷിച്ചിരുന്നു. പെട്ടെന്നാണ് വധുവിൻ്റെ അമ്മ റാണ യാസ്മിൻ സെയ്ദി അസുഖം ബാധിച്ച് കിടപ്പിലാകുന്നത്. അവസ്ഥ മോശമായി തുടങ്ങിയപ്പോൾ വധുവിൻ്റെ അമ്മ തന്നെയാണ് മകളുടെ വിവാഹം കാണണമെന്ന ആഗ്രഹം മുന്നോട്ട് വെച്ചത്. അങ്ങനെയാണ് രണ്ട് കുടുംബങ്ങളും ചേർന്ന് വിവാഹം ഓൺലൈനിലൂടെ നടത്താം എന്ന് തീരുമാനമെടുത്തത്.

വെള്ളിയാഴ്ച്ച വരനും വരൻ്റെ കുടുംബവും ചേർന്ന് ഷിയാ പള്ളിയില്‍ എത്തി ചടങ്ങുകൾ നടത്തുകയായിരുന്നു. അതിഥികൾ എല്ലാവരും ടിവി സ്ക്രീനിലൂടെ ഓൺലൈൻ വിവാഹത്തിന് സാക്ഷ്യം വഹിച്ചു. വിവാഹശേഷം സമൂഹസദ്യയും ഒരുക്കിയിരുന്നു. വധുവിൻ്റെ വിസ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ വരൻ മുഹമ്മദ് അബ്ബാസ് ഹൈദർ വിവാഹശേഷം സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

Content Highlight : BJP leader’s son marries Pakistani girl online after visa delay

dot image
To advertise here,contact us
dot image