ഇന്നും മാറ്റമില്ല; ഇൻഡി​ഗോയ്ക്കും ആകാശ എയറിനും വിസ്താരയ്ക്കും നേരെ ബോംബ് ഭീഷണി

ഇന്ന് മാത്രം 13 വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ഉയർന്നിരിക്കുന്നത്

dot image

ന്യൂഡല്‍ഹി: വിമാനങ്ങൾക്ക് നേരെ ഇന്നും ബോംബ് ഭീഷണി. വിസ്താര, ആകാശ എയർലൈൻ, ഇൻഡിഗോ വിമാനങ്ങൾക്കാണ് ഭീഷണി ലഭിച്ചിരിക്കുന്നത്. ഇന്ന് മാത്രം 13 വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ഉണ്ടായത്. പൂനെയിൽ നിന്ന് ജോധ്പൂരിലേക്കുള്ള ഇൻഡിഗോ 6E133 വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചിരുന്നു. തുടർന്ന് അടിയന്തരമായി ലാൻഡ് ചെയ്തു. അഗ്നിശമനസേന, ഡോഗ് സ്ക്വാഡ്, പൊലീസ്, അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെയുള്ള എമർജൻസി ടീമുകളും സംഭവസ്ഥലത്തെത്തി. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായി യാത്രക്കാരുടെ ല​ഗേജുകൾ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.

ലഖ്‌നൗവിൽ നിന്ന് മുംബൈയിലേക്ക് പറക്കുകയായിരുന്ന ആകാശ എയർ വിമാനത്തിനും ബോംബ് ഭീഷണി ലഭിച്ചു. 'ഇന്ന് സർവീസ് നടത്തേണ്ട ഞങ്ങളുടെ ചില ഫ്ലൈറ്റുകൾക്ക് സുരക്ഷാ അലേർട്ടുകൾ ലഭിച്ചു. ആകാശ എയറിൻ്റെ എമർജൻസി റെസ്‌പോൺസ് ടീമുകൾ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. സുരക്ഷാ, റെഗുലേറ്ററി അധികാരികളുമായി ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്,' ആകാശ എയറിൻ്റെ വക്താവ് പറഞ്ഞു.

ഇന്ന് സർവീസ് നടത്തുന്ന ആറ് വിസ്താര വിമാനങ്ങൾക്കാണ് സോഷ്യൽ മീഡിയയിൽ സുരക്ഷാ ഭീഷണിയുണ്ടായതെന്ന് വിസ്താര വക്താവ് പറഞ്ഞു. യുകെ 25 (ഡൽഹി മുതൽ ഫ്രാങ്ക്ഫർട്ട്), യുകെ 106 (സിംഗപ്പൂർ മുതൽ മുംബൈ), യുകെ 146 (ബാലി മുതൽ ഡൽഹി), യുകെ 116 (സിംഗപ്പൂർ മുതൽ ഡൽഹി), യുകെ 110 (സിംഗപ്പൂർ മുതൽ പുണെ), യുകെ 107 (മുംബൈ മുതൽ സിംഗപ്പൂർ വരെ) എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കർണാടകയിലെ ബെലഗാവി വിമാനത്താവളത്തിനും ഇന്നലെയും ഇന്നുമായി രണ്ട് ഭീഷണി ഇമെയിലുകൾ ലഭിച്ചു. പൊലീസും ബോംബ് സ്‌ക്വാഡും വിമാനത്താവളത്തിൽ പരിശോധന നടത്തിയതിനെ തുടർന്ന് ഭീഷണി വ്യാജമാാണെന്ന് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലും വിമാനത്തിന് നേരെ ബോംബ് ഭീഷണി ഉണ്ടായിരുന്നു. രാത്രി ബെം​ഗളൂരുവിലേക്ക് പുറപ്പെടുന്ന അലയൻസ് എയർ വിമാനത്തിനാണ് ഭീഷണി ഉണ്ടായത്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിലൂടെയാണ് ഭീഷണിയുണ്ടായത്. ഭീഷണിയെ തുടർന്ന് യാത്രക്കാരെ സുരക്ഷാ പരിശോധനകൾക്ക് വിധേയരാക്കിയിരുന്നു.

വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണികൾ വർധിച്ച സാഹചര്യത്തിൽ അന്വേഷണത്തിനായി ഡല്‍ഹി പൊലീസ് സാമൂഹമാധ്യമങ്ങളുടെ സഹായം തേടിയിരുന്നു. വ്യാജ ബോംബ് ഭീഷണികൾ പോസ്റ്റ് ചെയ്ത അക്കൗണ്ടുകൾ, അവയുടെ കൂടുതൽ വിവരങ്ങൾ എന്നിവ ലഭിക്കാനായാണ് പൊലീസിന്റെ ഇത്തരത്തിലുള്ള നീക്കം. നിരവധി രാജ്യാന്തര, ആഭ്യന്തര വിമാനങ്ങൾക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ വ്യാജ ബോംബ് ഭീഷണികൾ എത്തിയത്. കഴിഞ്ഞ ദിവസം ബെംഗളുരുവിലേക്ക് 180 യാത്രക്കാരുമായി തിരിച്ച ഒരു വിമാനത്തിന് നേരെയും ബോംബ് ഭീഷണിയുണ്ടായിരുന്നു. ഇവയടക്കം നിരവധി കേസുകൾക്ക് തുമ്പ് ലഭിക്കാനാണ് പൊലീസ് സാമൂഹ്യമാധ്യമങ്ങളെ സമീപിച്ചത്.

ഇത്തരം വ്യാജ ബോംബ് ഭീഷണികൾ വർധിച്ചതോടെ അവ അന്വേഷിക്കാനായി മാത്രം പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ് ഡല്‍ഹി പൊലീസ്. സൈബർ സെല്ലിന്റെയും ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ്റ്റയും സഹായം അടക്കം തേടികൊണ്ടാകും അന്വേഷണം നടത്തുക. വിപിഎൻ, ഡാർക്ക് വെബ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇത്തരത്തിൽ വ്യാജ ബോംബ് ഭീഷണികൾ പോസ്റ്റ് ചെയ്യുന്നതെന്നാണ് പൊലീസിന്റെ നിഗമനം.

കഴിഞ്ഞ ഏഴ് ദിവസം കൊണ്ട് മാത്രം എഴുപതോളം വ്യാജ ഭീഷണികളാണ് ഇത്തരത്തിൽ ഉണ്ടായത്. സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യുറോ, വിഷയം സംബന്ധിച്ച് നിരവധി ചർച്ചകള്‍ നടത്തുകയും എത്രയും വേഗം അന്വേഷണം നടത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഒക്ടോബർ 19 ശനിയാഴ്ച മാത്രം മുപ്പതോളം വിമാനങ്ങൾക്കാണ് ബോംബ് ഭീഷണികൾ ഉണ്ടായത്. ഇതോടെ നിരവധി വിമാന സർവീസുകൾ വൈകുകയും നിരവധി യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തിരുന്നു.

Content Highlights: Bomb threats against Indigo, Akasha Airlines and Vistaraya

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us