ഭോപ്പാൽ: ചീറ്റക്കുഞ്ഞുങ്ങളെ വരവേൽക്കാനൊരുങ്ങി മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്ക്. ചീറ്റപ്പുലി ഗർഭിണിയാണെന്ന സന്തോഷവാർത്ത മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് സാമൂഹ്യമാധ്യമമായ എക്സിലൂടെ പങ്കുവെച്ചു. കേന്ദ്രസർക്കാർ നടപ്പിലാക്കിയ 'ചീറ്റ പദ്ധതി' വിജയമായി എന്നതിന്റെ തെളിവാണ് ഇതെന്നും രാജ്യത്തിനാകെ അഭിമാനവും സന്തോഷവുമുള്ള വാർത്തയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ പദ്ധതി പാരിസ്ഥിതിക സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുനോയിലെ വീര എന്ന പെൺചീറ്റയാണ് ഗർഭിണിയായത്. പവൻ എന്ന ആൺചീറ്റയാണ് വീരയുടെ ഇണ. കുനോയിൽ നിലവിൽ 12 കുഞ്ഞുങ്ങൾ ഉൾപ്പെടെ 24 ചീറ്റകളാണുള്ളത്. 1952-ലാണ് ഇന്ത്യയിൽ ചീറ്റകൾ വംശമറ്റതായി ഔദ്യോഗിക പ്രഖ്യാപനം വന്നത്.
പിന്നീട് 2022-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി താത്പര്യമെടുത്താണ് നമീബിയയിൽ നിന്നും ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിച്ചത്. അതേസമയം, കുനോ ദേശീയോദ്യാനത്തിലെ ആശ, ഗാമിനി എന്നീ ചീറ്റപ്പുലികൾക്കുണ്ടായ ഏഴ് കുഞ്ഞുങ്ങൾ ചെള്ള് ശല്യം നേരിടുന്നുണ്ട്. കുഞ്ഞുങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു.
content highlights: female cheetah found pregnant at kuno