വിദേശ പഠനം പുതിയ രോഗമായി മാറുന്നു; ഈ വർഷം മാത്രം 13 ലക്ഷം വിദ്യാർത്ഥികൾ വിദേശത്ത് പോയെന്ന് ഉപരാഷ്ട്രപതി

വിദേശത്തുപോയാലെ രക്ഷപ്പെടുകയുള്ളൂവെന്ന തോന്നലിലാണ് വിദ്യാര്‍ത്ഥികളെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍

dot image

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ വിദേശത്ത് പോയി പഠിക്കുന്നത് പുതിയ 'രോഗ'മായി മാറുന്നുവെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍. വിദേശത്തുപോയാലെ രക്ഷപ്പെടുകയുള്ളൂവെന്ന തോന്നലിലാണ് കുട്ടികളെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ സികാറിലെ സോഭസരിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വിദേശരാജ്യങ്ങളിലെ ജീവിതത്തെ കുറിച്ച് അവര്‍ സ്വപ്നങ്ങള്‍ കാണുന്നു. എവിടെ പഠിക്കുന്നു, ഏത് രാജ്യത്ത് പോകണം എന്നത് പ്രധാനമാണ്. ഈ വര്‍ഷം 13 ലക്ഷം വിദ്യാര്‍ത്ഥികളാണ് വിദേശ പഠനത്തിനായി പോയത്. അവരുടെ ഭാവി എന്താകുമെന്നത് ആശങ്കയാണ്. ഇന്ത്യയിലെ പഠനമായിരുന്നു നല്ലതെന്ന് പലരും വൈകിയാണ് തിരിച്ചറിയുന്നത്. വിദേശ പഠനത്തെക്കുറിച്ചുള്ള കൃത്യമായ കൗണ്‍സിലിങ് മാതാപിതാക്കള്‍ക്ക് ലഭിക്കുന്നില്ല. പരസ്യങ്ങള്‍ വഴി 18നും 25നും ഇടയില്‍ വയസുള്ള കുട്ടികള്‍ പെട്ടെന്ന് സ്വാധീനിക്കപ്പെടുന്നു', ധന്‍ഖര്‍ പറഞ്ഞു.

ഈ പ്രവണത രാജ്യത്തിന് ഭാരമാകുമെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. അവര്‍ വിദേശനാണ്യത്തില്‍ ആറ് ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വിടവാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തെ അവസ്ഥകളെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്തേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

'അവര്‍ അഡ്മിഷനെടുക്കുന്ന സ്ഥാപനങ്ങളുടെ റാങ്കിങ് എത്രയാണെന്ന് അന്വേഷിക്കാന്‍ ആവശ്യപ്പെടണം. അതോടൊപ്പം ആര്‍ക്കാണോ സാധ്യമാകുന്നത് അവര്‍ സമൂഹത്തിന് വേണ്ടി ടയര്‍ 2 ടയര്‍ 3 നഗരങ്ങളില്‍ സ്ഥാപനങ്ങള്‍ സൃഷ്ടിക്കണം', അദ്ദേഹം പറഞ്ഞു. ഈ രംഗത്തെ വ്യാവസായികവത്കരണം രാജ്യത്തിന് ഗുണമല്ലെന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞു.

Content Highlights: Jagdeep Dhankhar says students going abroad to study as a new disease

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us