മഹാരാഷ്ട്രയിൽ ബിജെപി സഖ്യം ധാരണയിലെത്തി? ബിജെപി 151 സീറ്റിൽ, സഖ്യകക്ഷികൾക്ക് 137 സീറ്റ്, റിപ്പോർട്ട്

നാല് മണിക്കൂ‍‍‍ർ നീണ്ട ച‍ർച്ചകൾക്കൊടുവിലാണ് ത‍ർക്കമുള്ള സീറ്റുകളിൽ ഉൾപ്പെടെ സഖ്യം ധാരണയിലെത്തിയിരിക്കുന്നതെന്നാണ് റിപ്പോ‍ർട്ട്.

dot image

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം സീറ്റ് പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ധാരണയിലെത്തിയതായി റിപ്പോ‍ർട്ട്. ആഭ്യന്തരമന്ത്രി അമിത്ഷായുടെ വീട്ടിൽ ചേ‍‍‍ർന്ന യോ​ഗത്തിലാണ് സഖ്യം ധാരണയിലെത്തിയത്. യോ​ഗം പുല‍ർച്ചെ രണ്ട് മണിക്കാണ് അവസാനിച്ചതെന്നാണ് റിപ്പോ‍ർട്ട്. ബിജെപിയും ശിവസേന ഷിൻഡെ വിഭാ​ഗം, എൻസിപി അജിത് പവാർ വിഭാ​ഗം എന്നിവ‍‍ർ നേരത്തെ 240 സീറ്റുകളിൽ ധാരണയിലെത്തിയിരുന്നു. ത‍ർക്കം നിലനിന്ന 48 സീറ്റുകൾ സംബന്ധിച്ച ച‍ർച്ചകളാണ് അമിത് ഷായുടെയും ബിജെപി അധ്യക്ഷൻ ജെപി നദ്ദയുടെയും സാന്നിധ്യത്തിൽ സഖ്യകക്ഷി നേതാക്കൾ നടത്തിയത്. നാല് മണിക്കൂ‍‍‍ർ നീണ്ട ച‍ർച്ചകൾക്കൊടുവിലാണ് ത‍ർക്കമുള്ള സീറ്റുകളിൽ ഉൾപ്പെടെ സഖ്യം ധാരണയിലെത്തിയിരിക്കുന്നതെന്നാണ് റിപ്പോ‍ർട്ട്.

ഏതെങ്കിലും സീറ്റുകളിൽ ഏതെങ്കിലും പാ‍ർട്ടിക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ടെങ്കിൽ ആ സീറ്റ് സഖ്യകക്ഷിക്ക് നൽകണമെന്നും ച‍ർച്ചയിൽ ധാരണയായതായി റിപ്പോ‍ർട്ടുണ്ട്. ചർച്ചകളിലെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ ബിജെപി 151 സീറ്റിലും ശിവസേന 84 സീറ്റിലും എൻസിപി 53 സീറ്റുകളിലും മത്സരിക്കാൻ ധാരണയിലെത്തിയെന്നാണ് റിപ്പോ‍ർട്ട്.

എൻസിപി അജിത് പവാർ വിഭാ​ഗം 80 സീറ്റുകളെങ്കിലും മത്സരിക്കാൻ വേണമെന്ന ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോ‍ർട്ട് ഉണ്ടായിരുന്നു. അൻപത് സീറ്റിൽ കൂടുതൽ എൻസിപിക്ക് നൽകില്ലെന്നായിരുന്നു ബിജെപി നിലപാട്. തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കുമെന്ന നിലപാട് എൻസിപി നേതാവ് അജിത് പവാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഒരാഴ്ച മുമ്പ് ഈ നിലപാടിൽ നിന്നും അജിത് പവാ‍ർ പിന്നാക്കം പോയിരുന്നു. പാ‍ർട്ടി ആവശ്യപ്പെട്ടാൽ ബാരാമതിയിൽ നിന്നും മത്സരിക്കാൻ തയ്യാറാണെന്നായിരുന്നു അജിത് പവാറിൻ്റെ നിലപാട് മാറ്റം. ഔദ്യോ​ഗിക അറിയിപ്പ് വന്നാൽ മാത്രമേ സീറ്റുധാരണകളുടെ ഭാ​ഗമായി ബാരാമതി എൻസിപിയ്ക്ക് അനുവദിക്കുമോ എന്ന് വ്യക്തമാകു.

ഇതിനിടെ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡി 258 സീറ്റുകളിൽ സഖ്യധാരണയിലെത്തിയതായി റിപ്പോ‍ർട്ടുകളുണ്ടായിരുന്നു. ധാരണയാകാത്ത 30 സീറ്റുകളിൽ സഖ്യകക്ഷികൾ തമ്മിൽ ച‍ർച്ച പുരോ​ഗമിക്കുകയാണ്. കോൺ​ഗ്രസ്, ശിവസേന ഉദ്ദവ് വിഭാ​ഗം, എൻസിപി ശരത് പവാ‍ർ വിഭാ​ഗം എന്നിവരാണ് മഹാ വികാസ് അഘാഡിയിലുള്ളത്. അഖിലേഷ് യാദവിൻ്റെ സമാജ്‌വാദി പാ‍ർട്ടിയും മഹാ വികാസ് അഘാഡിയുമായി സീറ്റ് ധാരണ ച‍ർച്ചകൾ നടത്തുന്നുവെന്നാണ് റിപ്പോ‍ർട്ട്. എസ്പി ഇതിനകം നാല് സ്ഥാനാ‍ർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. എസ്പി ദേശീയ തലത്തിൽ മഹാ വികാസ് അഘാഡിയിലെ കക്ഷികൾക്കൊപ്പം ഇൻഡ്യ മുന്നണിയുടെ ഭാ​ഗമാണ്.

Content Highlights: Mahayuti seems to have finalised a seat-sharing formula for the Maharashtra Assembly elections

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us