ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളലുണ്ടാക്കിയത് ട്രൂഡോ, നിജ്ജാർ വധത്തിൽ കാനഡ തെളിവുകൾ നൽകിയില്ല: സഞ്ജയ് കുമാർ

'ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിജ്ജാർ വധത്തിൽ ഇന്ത്യയെ പ്രതിക്കൂട്ടിലാക്കാൻ ട്രൂഡോ ശ്രമിച്ചത്'

dot image

ന്യൂഡൽഹി: ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളലുണ്ടാക്കുന്നത് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെന്ന് കാനഡയിൽ നിന്ന് തിരിച്ചെത്തിയ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മ. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിടിവി (കാനഡാസ് പ്രൈവറ്റ് ബ്രോഡ്കാസ്റ്റർ) ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സഞ്ജയ്.

ഏതൊരു കൊലപാതകവും തെറ്റാണ്. നിജ്ജാറിന്റെ കൊലപാതകത്തെ അപലപിക്കുന്നു. നിജ്ജാർ കൊലപാതകത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ യാതൊരു വിധത്തിലുള്ള തെളിവുകളും സമർപ്പിച്ചിരുന്നില്ല. ഇത് രാഷ്ട്രീയ പ്രേരിതമായ നീക്കമായിരുന്നുവെന്നും സഞ്ജയ് പറ‍ഞ്ഞു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിജ്ജാർ വധത്തിൽ ഇന്ത്യയെ പ്രതിക്കൂട്ടിലാക്കാൻ ട്രൂഡോ ശ്രമിച്ചതെന്നും ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാനഡയിലെ ഖലിസ്ഥാൻ നീക്കങ്ങൾ ഇന്ത്യ നിരീക്ഷിച്ചിട്ടുണ്ട്. അത് രാജ്യ താല്പര്യമാണ്. കാനഡയിൽ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യൻ നയതന്ത്രജ്ഞരും കോൺസുലർ ഉദ്യോഗസ്ഥരും രാജ്യത്ത് നരഹത്യ, കൊള്ളയടിക്കൽ ഉൾപ്പെടെയുള്ള ഗുരുതര ക്രിമിനൽ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന കാനഡയുടെ ആരോപണങ്ങളോടും അദ്ദേഹം പ്രതികരിച്ചു. ഇന്ത്യ അത്തരത്തിൽ യാതൊരു വിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അന്യായമായ കൊലപാതകങ്ങൾ നടത്താതിരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം കനേഡിയൻ പാർലമെന്റിൽ വെച്ച് നിജ്ജാർ വധത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ട്രൂഡോ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകളുണ്ടാകുന്നത്. കാനഡയുടെ ആരോപണങ്ങൾ അസംബന്ധമാണെന്നായിരുന്നു കാനഡയുടെ വാദങ്ങളോട് ഇന്ത്യയുടെ പ്രതികരണം. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് കനേഡിയൻ അതിർത്തികളിൽ വഴിയൊരുക്കുകയാണെന്നും ഇന്ത്യ പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചത്. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന നിജ്ജാറിനെ ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തില്‍ കാനഡയിലെ ഇന്ത്യന്‍ കമ്മീഷണര്‍ക്കെതിരെ കാനഡ സ്വീകരിച്ച നടപടിയാണ് നയതന്ത്രബന്ധം വീണ്ടും വഷളാക്കിയത്. ഇതിന് പിന്നാലെ ഇന്ത്യ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുകയും, ഇന്ത്യയിലെ കാനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്തിരുന്നു. ഈ മാസം 19ന് മുമ്പ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ കാനഡയില്‍ നിന്ന് മടങ്ങിയെത്തിയേക്കുമെന്നാണ് സൂചന.

Content Highlight: India-Canada bilateral relations strained because of Justin Trudeau says Sanjay Kumar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us